KOYILANDY DIARY

The Perfect News Portal

മലബാറിലെ റെയിൽ, വ്യോമ ഗതാഗത മേഖലയിലെ വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി വി. മുരളീധരൻ

ന്യൂഡൽഹി: മലബാറിലെ റെയിൽ, വ്യോമ ഗതാഗത മേഖലയിലെ വിവിധ പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നത് സംബന്ധിച്ച ഉറപ്പ് കേന്ദ്രത്തിൽ നിന്ന് ലഭിച്ചതായി മന്ത്രി വി. മുരളീധരൻ അറിയിച്ചു. മലബാർ ചേംമ്പർ ഓഫ് കോമേഴ്സ് പ്രതിനിധി സംഘത്തിനൊപ്പം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് റെയിൽവേ സ്റ്റേഷനെ ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഷനാക്കി ഉയർത്തുന്നതിനുള്ള പ്രവർത്തി ഈ മാസം തന്നെ ആരംഭിക്കും.

രാജ്യത്തെ 23 സ്റ്റേഷനുകളാണ് ലോകോത്തര നിലവാരമുളള സ്റ്റേഷനുകളാക്കി മാറ്റുന്നത്. ഇതിൽ കേരളത്തിൽ നിന്ന് ഇടം പിടിച്ച ഏക സ്റ്റേഷനാണ് കോഴിക്കോട്. കോഴിക്കോട് നിന്ന് ആരംഭിക്കുന്നതോ ആവസാനിക്കുന്നതോ ആയ ട്രെയിനുകൾക്ക് പിറ്റ് ലൈൻ ഇല്ലാത്ത പ്രശ്നം പരിഹരിക്കും. വെസ്റ്റ് ഹിൽ സ്റ്റേഷനിൽ പിറ്റ് ലൈൻ സ്ഥാപിക്കുന്നതാണ് പരിഗണനയിലുള്ളത്. കോഴിക്കോട് – തൃശ്ശൂർ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സർവ്വീസ് ആരംഭിക്കുന്നത് പരിഗണിക്കാമെന്നും റെയിൽ മന്ത്രി അറിയിച്ചതായി മന്ത്രി വി. മുരളീധരൻ വ്യക്തമാക്കി.

കോഴിക്കോട് വിമാനതാവളത്തിലെ അപകടത്തിന്‍റെ പശ്ചാതലത്തിൽ നിർത്തി വെച്ച വലിയ വിമാനങ്ങളുടെ സർവ്വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനെ ഉണ്ടാകുമെന്ന്  വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.അപകടം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നും മന്ത്രി അറിയിച്ചു.

Advertisements

വിമാനതാവളത്തിന്‍റെ റൺവേ വികസനം, ടെർമിനൽ വികസനം  എന്നിവക്ക് സംസ്ഥാന സർക്കാർ ആവശ്യമായ ഭൂമി ലഭ്യമാക്കിയാൽ തുടർ നടപടി ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി ഉറപ്പ് നൽകി. ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ സന്ദർശിച്ച ചേംമ്പർ ഓഫ് കോമേഴ്സ് നിവേദക സംഘത്തോട് സംസ്ഥാന സർക്കാരുമായി കൂടിയാലോചന നടത്താനും മന്ത്രി നിർദേശം നൽകി. മലബാർ ചേംമ്പർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് ഹസീബ് അഹമ്മദ്, വൈസ് പ്രസിഡൻറ് നിത്യാനന്ദ കമ്മത്ത്, സെക്രട്ടറി മഹബൂബ്, ഭാരവാഹികളായ അരുൺകുമാർ, എം.പി.എം മുബഷിർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും കേന്ദ്ര നാളികേര വികസന ബോർഡ് അംഗവുമായ പി. രഘുനാഥും മന്ത്രിമാരെ സന്ദർശിച്ച സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *