KOYILANDY DIARY

The Perfect News Portal

വെങ്ങളം-അഴിയൂർ ദേശീയപാത: മൂരാട് – വെങ്ങളം പ്രവൃത്തി ആരംഭിച്ചു

കൊയിലാണ്ടി : വെങ്ങളം-അഴിയൂർ ദേശീയപാത ആറുവരിയിൽ വികസിപ്പിക്കുന്ന പ്രവൃത്തി മൂരാട് ഭാഗത്തു നിന്ന് തുടങ്ങി. അദാനി ഗ്രൂപ്പാണ് ഈ റീച്ച് വികസിപ്പിക്കാനുള്ള പ്രവൃത്തി കരാറെടുത്തത്. എൻ.എച്ച്. ലാൻഡ്‌ അക്വിസിഷൻ വിഭാഗം ഏറ്റെടുത്ത് നാഷണൽ ഹൈവേ അതോറിറ്റിക്ക്‌ കൈമാറിയ സ്ഥലങ്ങളിലാണ് പ്രവൃത്തി തുടങ്ങിയത്. ഇരിങ്ങൽ, മൂരാട് ഭാഗത്ത് വളരെ നേരത്തെതന്നെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിരുന്നു. ഏറ്റെടുത്ത സ്ഥലങ്ങളിൽ പൊളിച്ചു നീക്കാതെ കിടക്കുന്ന കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് വെള്ളിയാഴ്ച തുടങ്ങിയത്.

തുടർന്നുള്ള ദിവസങ്ങളിൽ പയ്യോളി, തിക്കോടി, മൂടാടി, വിയ്യൂർ, പന്തലായനി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, തിരുവങ്ങൂർ ഭാഗങ്ങളിലും പ്രവൃത്തി തുടങ്ങും. ഭൂമി ഏറ്റെടുത്ത വെങ്ങളം ഭാഗത്ത് നിന്നും പ്രവൃത്തി ഉടൻ ആരംഭിക്കും. അഴിയൂർ മുതൽ വെങ്ങളം വരെ ആറുവരിയിൽ പാത വികസിപ്പിക്കാൻ 1382.56 കോടി രൂപയാണ് അനുവദിച്ചത്. കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂർ മുതൽ വെങ്ങളം വരെ 40.8 കിലോമീറ്റർ ദൂരമാണ് ആറു വരിയായി വികസിപ്പിക്കുന്നത്. ഇതിൽ വടകര പാലോളി പാലം മുതൽ മൂരാട് പാലം വരെയുളള 2.1 കിലോമീറ്റർ ദൂരം റോഡും മൂരാട്, പാലോളിപ്പാലങ്ങളും നേരത്തെ ടെൻഡർ ചെയ്ത്‌ പണിതുടങ്ങി.

അഴിയൂർ-വെങ്ങളം ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പയ്യോളിയിൽ മേൽപ്പാലവും കോമത്തുകരയിൽ ഓവർപാസും നിർമിക്കും. പയ്യോളിയിൽ പേരാമ്പ്ര റോഡ് വന്നുചേരുന്ന സ്ഥലത്താണ് 70 മീറ്റർ നീളത്തിൽ മേൽപ്പാലം നിർമിക്കുക. അതേപോലെ താമരശ്ശേരി കൊയിലാണ്ടി സംസ്ഥാനപാത കടന്നു പോകുന്ന കോമത്തുകരയിൽ 23 മീറ്റർ നീളത്തിൽ ഓവർപാസും നിർമിക്കും. നന്തിയിൽ ബൈപ്പാസ് തുടങ്ങുന്നതിനുസമീപം 24 മീറ്റർ നീളത്തിൽ വലിയ അണ്ടർപാസ് നിർമിക്കും. നന്തിമുതൽ ചെങ്ങോട്ടുകാവ് വരെ ആറുവരിയിൽ 11 കിലോമീറ്റർ നീളത്തിൽ ബൈപ്പാസ് നിർമിക്കും. ബൈപ്പാസ് മുറിച്ചുകടക്കുന്ന മുചുകുന്ന് റോഡിലും കൊല്ലം മേപ്പയ്യൂർ റോഡിലും മുത്താമ്പി റോഡിലും അണ്ടർപാസ് ഉണ്ടാവും. കോമത്തുകരയിൽ മേൽപ്പാലമാണ് പണിയുക.

Advertisements

തുടർന്ന് ബൈപ്പാസ് അവസാനിക്കുന്ന ചെങ്ങോട്ടുകാവ് ജങ്‌ഷനടുത്ത് കോഴിക്കോട് ഭാഗത്തുനിന്ന് കൊയിലാണ്ടി ടൗണിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങളുടെ സൗകര്യാർഥം വലിയ അണ്ടർപാസ് നിർമിക്കും. തിരുവങ്ങൂരിൽ അത്തോളി കുനിയിൽക്കടവ് പാലം റോഡ് ദേശീയപാതയുമായി സംഗമിക്കുന്നിടത്തും 24 മീറ്റർ നീളത്തിൽ അണ്ടർപാസ് നിർമിക്കും.

തുടർന്ന്‌ വെങ്ങളം ജങ്‌ഷൻവരെ നേർവരിയിൽ പാത വികസിപ്പിക്കും. ആറുവരിയിൽ വികസിപ്പിക്കുന്ന ദേശീയ പാതയുടെ ഇരുവശവും ഏഴുമീറ്റർ വീതിയിൽ രണ്ട് സർവീസ് റോഡുകൾ ഉണ്ടാവും. രണ്ടുവർഷംകൊണ്ട് നിർമാണം പൂർത്തീകരിക്കുമെന്നാണ് ദേശീയപാതാ അതോറിറ്റി അറിയിച്ചത്. ഭൂമി ഏറ്റെടുക്കൽ 80 ശതമാനത്തോളം പൂർത്തിയായതായാണ് എൽ.എ.എൻ.എച്ച്. അധികൃതർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *