KOYILANDY DIARY

The Perfect News Portal

കേരളത്തെ മാറ്റി മറിച്ച ജനകീയാസൂത്രണ പ്രസ്ഥാനം രജതജൂബിലിയുടെ നിറവിൽ

സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തിൽ 8 പഞ്ചവൽസര പദ്ധതികൾ പൂർത്തിയായിട്ടും വേണ്ടത്ര വികസനം നേടുവാൻ കഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവിൽ നിന്നാണ്‌ വികേന്ദ്രീകൃത ആസൂത്രണം എന്ന സങ്കല്പനത്തിനു് ജനകീയാസൂത്രണ പ്രസ്ഥാനം എന്ന പേരിൽ 9-ആം പഞ്ചവത്സര പദ്ധതിക്കാലത്ത് തുടക്കമായത്. 1996 ആഗസ്റ്റ് 17ന് (കൊല്ലവർഷം 1171 ചിങ്ങം 1) ആരംഭിച്ച ചരിത്രപ്രധാനമായ ഒരു പരീക്ഷണമാണിത്[1]ഇ. എം. എസിന്റെ നേതൃത്വത്തിൽ അന്നത്തെ മുഖ്യമന്ത്രി ഇ. കെ നായനാർ, പ്രതിപക്ഷ നേതാവ്, മുൻ മന്ത്രിമാർ, എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പ്രതിനിധികൾ, ജനപ്രതിനിധികൾ, വിദഗ്ദ്ധന്മാർ, ബഹുജനസംഘടനാ പ്രവർത്തകർ എന്നിവരെല്ലാം ഉൾക്കോള്ളുന്ന നാനൂറിൽ പരം അംഗങ്ങളുള്ള ഒരു ഉന്നതാധികാര മാർഗ്ഗനിർദ്ദേശക സമിതിയും മുഖ്യമന്ത്രി അദ്ധ്യക്ഷനായി ഒരു നിർവ്വഹണ സമിതിയും ഇതിനായി രൂപീകരിക്കപ്പെട്ടു. ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ ഐ.എസ്. ഗുലാത്തിയുടെ മേൽനോട്ടത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്.

രാജ്യത്തിനും ലോകത്തിനുതന്നെയും മാതൃകയായ ജനകീയ പ്രസ്ഥാനമായി ജനകീയാസൂത്രണത്തെ ആവിഷ്‌കരിച്ച അതിന്റെ ആദ്യപഥികരെ രജതജൂബിലി ആഘോഷ വേളയില്‍ ആദരിക്കും.1996 ആഗസ്ത് 17ന് ജനകീയാസൂത്രണം ആരംഭിക്കുമ്പോള്‍ അധികാര വികേന്ദ്രീകരണ പ്രക്രിയയെ ഉള്‍ക്കൊള്ളാന്‍ വ്യവസ്ഥാപിത സമൂഹം പ്രാപ്തമായിരുന്നില്ല. വിപുലമായ പ്രചരണ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് വികേന്ദ്രീകൃതാസൂത്രത്തിന്റെ സാധ്യതകള്‍ ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കിയത്. നിരവധി വെല്ലുവിളികള്‍ ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടങ്ങളില്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. മുന്നനുഭവങ്ങളുടെ പരിചയമില്ലാതെയാണ് കേരളം ആ ജനകീയ മുന്നേറ്റത്തിലേക്ക് കടന്നതെങ്കിലും പിന്നീടുണ്ടായത് അവിസ്മരണീയമായ ചരിത്രമാണ്.

ജനകീയാസൂത്രണത്തിന്റെ തുടക്കത്തില്‍ ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ജനങ്ങളുമൊക്കെ ചേര്‍ന്ന് ഒരു വര്‍ഷത്തിലേറെ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് ആദ്യ വാര്‍ഷിക പദ്ധതി തയ്യാറാക്കിയത്.
ആസൂത്രണ ഗ്രാമസഭ, വാര്‍ഡ് സഭ, വികസന സെമിനാര്‍, കര്‍മ്മ സമിതികള്‍, പദ്ധതിരേഖ, ബ്ലോക്ക്-ജില്ലാ പദ്ധതികള്‍, ജില്ലാ ആസൂത്രണസമിതി എന്നിവയടങ്ങുന്ന ആസൂത്രണ ചട്ടക്കൂടൊരുക്കി  ജനകീയാസൂത്രണത്തിന്റെ ഘടനാപരമായ അസ്തിവാരം ബലപ്പെടുത്തിയ മുന്‍ അധ്യക്ഷന്‍മാരെയും ജനപ്രതിനിധികളെയും സന്നദ്ധ പ്രവര്‍ത്തരെയും ഉദ്യോഗസ്ഥരെയും ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രജത ജൂബിലി ഉദ്ഘാടന വേളയില്‍ ആദരിക്കും.

Advertisements

ആഗസ്ത് 17ന് വൈകുന്നേരം തിരുവനന്തപുരത്ത് തയ്യാറാക്കുന്ന  പ്രത്യേക വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവിളക്ക് കൊളുത്തുന്നതോടെ സംസ്ഥാനത്ത് ജനകീയാസൂത്രണ രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാവും. മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനുമൊപ്പം മുന്‍ മുഖ്യമന്ത്രിമാരും മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും ആസൂത്രണ ബോര്‍ഡ് അംഗങ്ങളും കലാ, സാഹിത്യ, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖരും  രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കാളികളാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ അതാത് സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് രജത ജൂബിലി ആഘോഷങ്ങള്‍ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടന പരിപാടി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വലിയ സ്‌ക്രീനില്‍ ലൈവായി പ്രദര്‍ശിപ്പിക്കു.

Leave a Reply

Your email address will not be published. Required fields are marked *