KOYILANDY DIARY

The Perfect News Portal

10 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട് : ജില്ലയില്‍ കഞ്ചാവെത്തിക്കുന്ന മൊത്തവിതരണക്കാരായ തമിഴ്നാട് സ്വദേശികളുള്‍പ്പെടെ മൂന്നുപേരെ പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് 10 കിലോ കഞ്ചാവും കണ്ടെത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ചില്ലറ വില്പനക്കാര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന തമിഴ്നാട് മധുര സ്വദേശികളായ കുമാര്‍, സതീഷ് എന്നിവരെ 8.30 കിലോഗ്രാം കഞ്ചാവുമായി വെള്ളയില്‍ പൊലീസും ഇവരില്‍ നിന്നും കഞ്ചാവു വാങ്ങി നഗരപരിധിയില്‍ ചില്ലറ വില്പനനടത്തുന്ന കുഞ്ഞാവ എന്ന ദിനേശനെ 1.70 കിലോ കഞ്ചാവുമായി കസബ പൊലീസുമാണ് അറസ്റ്റ് ചെയ്തത്.

വര്‍ഷങ്ങളായി കേരളത്തിലേക്ക് വലിയ അളവില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് കുമാറും സതീഷും. ആന്ധ്രാപ്രദേശില്‍ നിന്ന് കഞ്ചാവ് മധുരയിലെത്തിച്ച്‌ സ്റ്റോക്ക് ചെയ്ത് ആവശ്യക്കാര്‍ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതനുസരിച്ച്‌ കേരളത്തിലെത്തിച്ചു നല്‍കുകയാണ് രീതി. പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളുള്ള മാരുതി ഒമിനി വാഹനം ഉപയോഗിച്ചാണ് കഞ്ചാവ് കടത്തുന്നത്. ഒരു മാസത്തില്‍ രണ്ടു തവണ ഇയാള്‍ കേരളത്തിലെത്താറുണ്ട്.

ചൊവ്വാഴ്ച ഇയാള്‍ തമിഴ്നാട്ടില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്നു മനസിലാക്കിയ സ്പെഷ്യല്‍ സ്ക്വാഡ് കേരളത്തില്‍ പ്രവേശിച്ചത് മുതല്‍ പിന്തുടര്‍ന്ന് വെള്ളയില്‍ പൊലീസിന് രഹസ്യ വിവരം നല്‍കുകയായിരുന്നു. വെള്ളയില്‍ എസ്.ഐ ജംഷീദിന്റെ നേതൃത്വത്തില്‍ വെള്ളയില്‍ പൊലീസും ആന്റി ഗുണ്ടാ സ്​ക്വാഡും നോര്‍ത്ത് ക്രൈം സ്​ക്വാഡും ചേര്‍ന്ന് വെസ്റ്റ്ഹില്‍ ബട്ട് റോഡ് ബീച്ച്‌ പരിസരത്ത് നിന്ന് 8.30 കിലോഗ്രാം കഞ്ചാവുമായി കുമാറിനെയും കൂട്ടാളിയായ സതീഷിനെയും പിടികൂടുകയായിരുന്നു.

Advertisements

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് പുതിയപാലം സ്വദേശിയായ ദിനേശന്‍ ഇയാളില്‍ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങുന്നത് സ്പെഷ്യല്‍ സ്ക്വാഡ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാങ്കാവില്‍ വച്ച്‌ വാഹനപരിശോധനയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ദിനേശനെ കസബ എസ്.ഐ സിജിത്തിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് 1.70കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ആന്റി നാര്‍ക്കോട്ടിക് സ്​ക്വാഡിലെയും നോര്‍ത്ത് അസി. കമ്മീഷണറുടെയും സ്​ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി, രാജീവന്‍, അഖിലേഷ്, ജോമോന്‍, നവീന്‍, ജിനേഷ്, പ്രപിന്‍, സുമേഷ്, നിജിലേഷ്, ഷാജി, സോജി, ഷാലു, രതീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സ്പെഷ്യല്‍ സ്​ക്വാഡിലെ അം​ഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *