KOYILANDY DIARY

The Perfect News Portal

സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ശൗചാലയമില്ല; കായിക താരങ്ങൾ വലയുന്നു

കൊയിലാണ്ടി: കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ശൗചാലയമില്ലാത്തത് കായിക താരങ്ങളെ കുഴക്കുന്നു. സമീപത്തെ സ്കൂൾ -കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുളള നിരവധി കായിക താരങ്ങളാണ് കാലത്തും വൈകീട്ടും പരിശീലനത്തിനായി ഇവിടെ എത്തുന്നത്. ഇവരിൽ പരിശീലനത്തിനായി എത്തുന്ന പെൺകുട്ടികളുമുണ്ട്. ഇവർക്ക് ഡ്രസ്സ് മാറുവാനോ, പ്രാഥമിക സൗകര്യങ്ങൾ നിർവ്വഹിക്കാനോ യാതൊരു സൗകര്യവും സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിട്ടില്ലാത്തതിനാൽ തൊട്ടടുത്ത സ്റ്റേഡിയം കെട്ടിടത്തിലെ വ്യാപാരികൾ ഉപയോഗിക്കുന്ന ടോയ് ലറ്റിനെയാണ് ആശ്രയിക്കേണ്ടി വരുന്നത്. ഇത് വ്യപാരികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു.

കൊയിലാണ്ടിയിലെ സമീപ സ്കൂളുകളിലെ കായിക മൽസരങ്ങൾ, സബ്ബ് ജില്ലാതല കായിക മത്സരങ്ങൾ, ജില്ലാ മൽസരങ്ങൾ തുടങ്ങി ഒട്ടനവധി മൽസരങ്ങൾ ഓരോ വർഷവും സ്റ്റേഡിയത്തിൽ നടക്കാറുണ്ട്. ഇത്തരം അവസരങ്ങളിൽ കായിക താരങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ് പതിവ്. കായിക താരങ്ങൾക്ക് വസ്ത്രങ്ങൾ മാറുവാനും, പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാനും സ്റ്റേഡിയത്തിലെ കിഴക്കെ ഗാലറിക്ക് പിറകിൽ  ശൗചാലയവും, വസ്ത്രങ്ങൾ മാറാൻ പ്രത്യേക മുറിയും നിർമ്മിച്ചിരുന്നു. എന്നാൽ ഇവിടെയാണ് ഒരു വർഷം മുമ്പ് ഫയർസ്റ്റേഷൻ ആരംഭിച്ചത്.

ഇതോടെ  വസ്ത്രങ്ങൾ മാറാനും മറ്റും താല്കാലികമായി വ്യാപാരികൾ ഉപയോഗിക്കുന്ന ബാത്റും ഉപയോഗിച്ചു വരികയായിരുന്നു. കെട്ടിടത്തിലെ നിരവധി സ്ഥാപനങ്ങളിലായി ഏറെ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇതിനിടെ കായിക താരങ്ങളും ഇവിടത്തെ ടോയ് ലറ്റ് ഉപയോഗിക്കുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുവെന്നാണ് ജീവനക്കാരുടെ ആക്ഷേപം.  ഈ മാസം സ്റ്റേഡിയത്തിൽ നിരവധി കായിക മൽസരങ്ങൾക്കായി വിവിധ സ്കൂളുകൾ അനുമതി വാങ്ങിയിരിക്കുന്നതും ശൗചാലയ പ്രതിസന്ധി രൂക്ഷമാക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *