KOYILANDY DIARY

The Perfect News Portal

പ്രവേശന ഫീസ്: സി.പി.ഐ(എം) നേത്യത്വത്തിൽ കാപ്പാട് ടൂറിസം കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച്

പ്രവേശന ഫീസിനെതിരെ കാപ്പാട് ടൂറിസം കേന്ദ്രത്തിലേക്ക് സിപിഐ(എം) മാർച്ച് നടത്തുന്നു

കൊയിലാണ്ടി: കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിൽ  നടപ്പാക്കിയിട്ടുള്ള പ്രവേശന ഫീസ് പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സി.പി.ഐ.എം കാപ്പാട് ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

നേരത്തെ സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ടൂറിസ്റ്റ് കേന്ദ്രത്തിൽ ഇപ്പോൾ ബ്ലൂ ഫാഗ് സർട്ടിഫിക്കേഷൻ്റെ ഭാഗമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ ഫണ്ടിൽ 8 കോടി രൂപയുടെ അടങ്കലുള്ള പ്രവൃത്തികളാണ് നടന്നത്. ഇതിൽ 5 കോടി രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്കും ബാക്കി വരുന്ന 3 കോടി രൂപ നിർമാണം കഴിഞ്ഞുള്ള മൂന്നു വർഷക്കാലത്തെ തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളം ഉൾപ്പെടെയുള്ള ആവർത്തനച്ചെലവുകൾക്കുമാണ്. നിർമാണം പൂർത്തിയായാലുടനെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കൈ മാറണമെന്ന വ്യവസ്ഥയുമുണ്ട്.

എന്നാൽ എല്ലാ വ്യവസ്ഥകളുടെയും നഗ്നമായ ലംഘനത്തിനാണ് ഡി ടി പി സി ടൂറിസ്റ്റ് കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് 50 രൂപ പ്രവേശന ഫീസ് ഏകപക്ഷീയമായി ഏർപ്പെടുത്തിയത്. 3 വർഷക്കാലത്തേക്കുള്ള നടത്തിപ്പ് ചെലവുകൾക്ക് പദ്ധതിയിൽ തന്നെ വ്യവസ്ഥ ഉണ്ടായിരിക്കെയാണ് ഈ പകൽക്കൊള്ള നടത്തുന്നത്. 

Advertisements

പ്രകൃതി വാരിക്കോരി നൽകിയ കടലിൻ്റെ വശ്യമായ സൗന്ദര്യവും പഞ്ചാരമണലിനോട് കിന്നാരം പറഞ്ഞിറങ്ങുന്ന തിരമാലകൾ നൽകുന്ന അനന്യമായ അനുഭൂതിയുമല്ലാതെ 50 രൂപ പ്രവേശന ഫീസ് നൽകി കാണേണ്ടതായ യാതൊന്നും കാപ്പാട് ബീച്ചിലില്ല. ഇതിലേറെ സവിശേഷതകളും ഭാരിച്ച സാമ്പത്തിക ചെലവിൽ നിർമ്മിച്ചതുമായ കോഴിക്കോട് നഗരം ഉൾപ്പെടെയുള്ള കടലോരങ്ങളിൽ പ്രവേശനം പൂർണമായി സൗജന്യമായിരിക്കെയാണ് കാപ്പാട് ബീച്ചിൽ ഈ വിവേചനം സഞ്ചാരികളോട് കാണിക്കുന്നത്. 50 രൂപ പ്രവേശന ഫീസ് ഏർപ്പെടുത്തി കാപ്പാട് ബീച്ചിലേക്കുള്ള സഞ്ചാരികളുടെ പ്രവാഹത്തെ തടയുന്നതിനുള്ള ഗൂഢ പദ്ധതിയാണ് ഇതിലൂടെ നടപ്പാക്കുന്നതെന്ന് ന്യായമായും സംശയിച്ചു പോകുന്ന സാഹചര്യമാണ്.

കാപ്പാട് ടൗണിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിന് സിപിഐഎം നേതാക്കളായ പി കെ ഭാസ്കരൻ, പി കെ പ്രസാദ്, എം കൃഷ്ണൻ, ബിജീഷ് എൻ, പി കെ സത്യൻ എന്നിവർ നേതൃത്വം നൽകി. ടൂറിസ്റ്റ് കേന്ദ്രത്തിൻ്റെ കവാടത്തിൽ മാർച്ച് പോലീസ് തടഞ്ഞെങ്കിലും മുഴുവൻ പ്രവർത്തകരം പോലിസ് വലയം ഭേദിച്ച് പാർക്കിൽ പ്രവേശിച്ചു. തുടർന്ന് സിപിഐഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ് മാർച്ച് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും കാപ്പാട് ലോക്കൽ കമ്മിറ്റി അംഗവുമായ അശോകൻകോട്ട് അദ്ധ്യക്ഷത വഹിച്ചു.

ഏരിയാ കമ്മിറ്റി അംഗം കെ രവീന്ദ്രൻ, ലോക്കൽ സെക്രട്ടറി എം നൗഫൽ എന്നവർ സംസാരിച്ചു. എം. സുരേഷ് നന്ദി പറഞ്ഞു പ്രവേശന ഫീസ് പിൻവലിക്കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സി പി ഐ എം  തീരുമാനിച്ചിട്ടുള്ളത്. നേതാക്കൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *