സാകിര്‍ നായിക്കിനെ ഇന്ത്യക്ക് കൈമാറണമെന്ന് മോദി

വ്ലാഡിവോസ്റ്റോക്: മലേഷ്യയിലേക്ക് കടന്ന വിവാദ മതപ്രഭാഷകന്‍ സാകിര്‍ നായിക്കിനെ ഇന്ത്യക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പ്രാധാനമന്ത്രി നരേന്ദ്രേമാദി. റഷ്യയിലെ വ്ലാഡിവോസ്റ്റോകില്‍ നടക്കുന്ന സാമ്ബത്തിക ഉച്ചകോടിയില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അഭയം നല്‍കിയ സാകിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്ന് മോദി ആവശ്യപ്പെട്ടത്. ഇന്ത്യയുടെ ആവശ്യത്തോട് മഹാതീര്‍ മുഹമ്മദ് അനുകൂലമായി പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സാകിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് കൈമാറുന്ന കാര്യത്തില്‍ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നാണ് സൂചന. നേരത്തെ സാകിര്‍ നായികിനെ വിട്ടുകിട്ടാന്‍ ഇന്ത്യ പലതവണ ശ്രമിച്ചെങ്കിലും മലേഷ്യന്‍ സര്‍ക്കാര്‍ ആവശ്യം തള്ളുകയായിരുന്നു. മൂന്ന് തവണയാണ് ഇന്ത്യയുടെ വിവിധ ആഭ്യന്തര ഏജന്‍സികള്‍ സാകിര്‍ നായികിനെ വിട്ടുനല്‍കാനാവശ്യപ്പെട്ട് ഇന്‍റര്‍പോളിനെ സമീപിച്ചിരുന്നത്. നായികിനെതിരായ ഇന്ത്യയുടെ ആരോപണങ്ങളില്‍ തെളിവില്ലെന്ന കാരണങ്ങളാലാണ് ആവശ്യം മലേഷ്യ നിരസിച്ചത്.

2016-ല്‍ കള്ളപ്പണം വെളുപ്പിക്കല്‍, മതപ്രഭാഷണങ്ങളിലൂടെ തീവ്രവാദത്തിനു പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങളില്‍ ഇന്ത്യയില്‍ കേസെടുത്തതോടെയാണ് നായിക് മലേഷ്യയിലേക്ക് കടന്നത്. നിലവില്‍ മലേഷ്യന്‍ പൗരത്വം നേടി അവിടെ താമസിക്കുകയാണ് സാകിര്‍ നായിക്.

