KOYILANDY DIARY

The Perfect News Portal

സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരം തത്സമയം സംപ്രേഷണം ചെയ്യാത്തതിനെതിരെ ആഞ്ഞടിച്ച്‌ ഐ.എം വിജയന്‍

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരം തത്സമയം സംപ്രേഷണം ചെയ്യാത്തതിനെതിരെ ആഞ്ഞടിച്ച്‌ മുന്‍ ഇന്ത്യന്‍ താരം ഐ.എം വിജയന്‍. കബഡി മത്സരം പോലും ലൈവ് ആയി മാര്‍ക്കറ്റ് ചെയ്യാന്‍ നമുക്കു സംവിധാനമുള്ളപ്പോള്‍ സന്തോഷ് ട്രോഫിക്കും ഫെഡറേഷന്‍ കപ്പിനുമൊക്കെ എന്തുകൊണ്ട് ഈ ഗതി വരുന്നു എന്ന് ഐ.എം വിജയന്‍ ചോദിച്ചു.

ഫുട്ബോള്‍ ആസ്വദിക്കാന്‍ ആരെയും സമ്മതിക്കില്ലെന്ന് ഇവിടെ ആര്‍ക്കെങ്കിലും വാശിയുണ്ടോ? അതോ, ഐഎസ്‌എല്‍ മാത്രം വളര്‍ന്നാല്‍ മതിയോ? ഐ.എസ്‌എല്ലിനെ മാര്‍ക്കറ്റ് ചെയ്യാന്‍ അതിന്റെ സംഘാടകര്‍ക്കറിയാം. ഐ.എസ്‌എല്‍ കൊണ്ടുമാത്രം ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഉടന്‍ ലോകകപ്പ് കളിക്കുമെന്നൊന്നും ആരും പ്രതീക്ഷിക്കേണ്ട.

അതിനു നമ്മുടെ സന്തോഷ് ട്രോഫിയും ഫെഡറേഷന്‍ കപ്പുമൊക്കെ നന്നായി സംഘടിപ്പിക്കാതെ വഴിയില്ല. സന്തോഷ് ട്രോഫി കാണാന്‍ ആളില്ലാത്തതുകൊണ്ടാണു തല്‍സമയ സംപ്രേഷണം ഇല്ലാത്തത് എന്ന ന്യായമാണു നിങ്ങള്‍ പറയാനൊരുങ്ങുന്നതെങ്കില്‍, അരുത് സര്‍, അതുമാത്രം പറയരുത്. ഈ കളിയെ സ്നേഹിക്കുന്ന ആര്‍ക്കും ആ ന്യായം മനസ്സിലാവില്ലെന്നും ഐ.എം വിജയന്‍ പറഞ്ഞു.

Advertisements

‘സന്തോഷ് ട്രോഫി ഫൈനല്‍ കാണാന്‍ സ്പോര്‍ട്സ് ചാനലുകള്‍ വച്ചുനോക്കി. എവിടെയുമില്ല. ന്യൂസ് ചാനലുകള്‍ അരിച്ചുപെറുക്കിനോക്കി, അപ്ഡേറ്റുകളല്ലാതെ തല്‍സമയ സംപ്രേഷണമില്ല. ഒടുവിലത്തെ ആശ്രയമായി ദൂരദര്‍ശന്‍ നോക്കി, എപ്പോഴോ നടന്ന ഏതോ ഗെയിംസിന്റെ ആര്‍ക്കും വേണ്ടാത്ത ഹൈലൈറ്റ്സ് ഓടിക്കൊണ്ടിരിക്കുകയാണവിടെ’. മനോരമ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വിജയന്‍ പറയുന്നു.

ഇന്ത്യയില്‍ ഫുട്ബോള്‍ വളരാത്തതിനു ക്രിക്കറ്റിനെ കുറ്റം പറയുന്നവരാണു നമ്മള്‍. മിനിയാന്നത്തെ സന്തോഷ് ട്രോഫി അനുഭവംകൊണ്ട് ഒരുകാര്യം ബോധ്യപ്പെട്ടു. ക്രിക്കറ്റിനെ കുറ്റംപറയാന്‍ നമുക്ക് ഒരവകാശവുമില്ല. ക്രിക്കറ്റിനെ ആരാധകര്‍ സ്നേഹിക്കുന്നതുകൊണ്ടു ക്രിക്കറ്റ് വളരുന്നു. ആരാധകര്‍ക്കു വേണ്ടതെല്ലാം നല്‍കി ക്രിക്കറ്റ് സംഘാടകര്‍ കളിയെ പ്രോല്‍സാഹിപ്പിക്കുന്നു.

രഞ്ജിട്രോഫിപോലും ലൈവ് ആയി ആരാധകരിലെത്തിക്കുന്നു. ഇതൊന്നും ഫുട്ബോള്‍ ആരാധകര്‍ക്കു ചെയ്തുകൊടുക്കാന്‍ ഇന്ത്യയില്‍ ആരുമില്ല. ഇന്ത്യക്കാരുടെ ഫുട്ബോള്‍ ലോകകപ്പാണു സന്തോഷ് ട്രോഫി. ആ മത്സരം ഇന്ത്യ മുഴുവന്‍ തല്‍സമയം സംപ്രേഷണം ചെയ്യാന്‍ ഒരു ചാനലുമുണ്ടായില്ലെന്നും വിജയന്‍ അഭിപ്രായപ്പെടുന്നു.

മകന്റെ ഫോണിലെ ഫെയ്സ്ബുക്കിലൂടെയാണു ഞാന്‍ മത്സരം കണ്ടത്. ഇത്രയേറെ വീറും വാശിയും നിറഞ്ഞൊരു മത്സരം ഐഎസ്‌എല്ലില്‍പോലും കണ്ടിരുന്നില്ല. എന്നിട്ടും ആ കളിയൊന്ന് ആസ്വദിച്ചു കാണാന്‍ യോഗമുണ്ടായില്ല. വിഡിയോ ബഫര്‍ ചെയ്യുന്നതുമൂലം കളിയുടെ നിര്‍ണായക നിമിഷങ്ങളെല്ലാം റീപ്ലേ കണ്ട് ആശ്വസിക്കേണ്ടിവന്നു. ശ്വാസംപോലും നിലച്ചുനിന്ന ടൈബ്രേക്കര്‍ സമയത്തു വിഡിയോയും നിലച്ചതു കണ്ടു ഫോണ്‍ എറിഞ്ഞുപൊട്ടിക്കാന്‍പോലും തോന്നി. എന്നും വിജയന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *