KOYILANDY DIARY

The Perfect News Portal

കുത്തഴിഞ്ഞ വിദ്യാഭ്യാസ രംഗവും അധാര്‍മിക പ്രവണതകളും നാടിന്റെ സ്വാസ്ഥ്യം തകര്‍ക്കും: കാന്തപുരം

മലപ്പുറം: കുത്തഴിഞ്ഞ വിദ്യാഭ്യാസ രംഗവും അധാര്‍മിക പ്രവണതകളും നാടിന്റെ സ്വാസ്ഥ്യം തകര്‍ക്കുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. നാഥനില്ലാ കളരികളായി നമ്മുടെ കാമ്ബസുകള്‍ മാറുന്നത് ആശങ്കയുളവാക്കുന്നതാണ്. വ്യക്തി – ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കേണ്ട ശ്രദ്ധ നല്‍കാതെ അരാജകത്വത്തിലേക്കു വിടുന്ന പ്രവണത അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയം പരിപാടികളുടെ സമാപന സംഗമത്തിന്റെ പ്രചരണോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാന്തപുരം.

രണ്ടു പതിറ്റാണ്ടു കാലത്തെ മഅ്ദിന്‍ അക്കാദമിയുടെ മുന്നേറ്റം അഭിമാനകരമാണെന്നും ധാര്‍മിക ബോധമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള ഈ യത്നത്തില്‍ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും കാന്തപുരം ഉണര്‍ത്തി. ഡിസംബറില്‍ നടക്കുന്ന വൈസനിയം സമ്മേളത്തിന്റെ സന്ദേശം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിന് എല്ലാവരും സജീവമായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഈ വര്‍ഷം ഡിസംബര്‍ 27 മുതല്‍ 30 വരെ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന സമ്മേളനത്തിന്റെ മുന്നോടിയായി രാജ്യത്തിനകത്തും പുറത്തും നടക്കുന്ന വിവിധ പ്രചരണ പരിപാടികള്‍ക്ക് ഇതോടെ ഔദ്യോഗിക തുടക്കമായി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും രാജ്യത്തെ പ്രധാന നഗരങ്ങങ്ങളിലും വിദേശ നാടുകളിലും വിളംബര സമ്മേളനങ്ങള്‍ നടക്കും.

Advertisements

വിദ്യാഭ്യാസം, ആത്മീയം, പരിസ്ഥിതി, കാര്‍ഷികം, ആരോഗ്യം, കാരുണ്യം മേഖലകളിലായി ഇരുപത് ഇനങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികള്‍ക്കൊടുവിലാണ് ഡിസംബറിലെ സമ്മേളനം. വൈസനിയത്തിന്റെ ഭാഗമായി സ്ഥാപിച്ച അഞ്ചു പുതിയ കാമ്ബസുകളും ഇതിനു മുന്നോടിയായി സമര്‍പ്പിക്കും.

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, അധ്യക്ഷനായിരുന്നു. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് ഇബ്റാഹീം പൂക്കുഞ്ഞി കല്ലക്കട്ട, ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, അബ്ദുറഹ്്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അലവി തങ്ങള്‍, ബി.എസ് അബ്ദുള്ളക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഇബ്റാഹീം ബാഖവി മേല്‍മുറി, ഹമീദ് മൗലവി ആലംപാടി, കൊല്ലമ്ബാടി അബ്ദുല്‍ ഖാദിര്‍ സഅ്ദി, മുഹമ്മദ് സഖാഫി പാത്തൂര്‍ സംബന്ധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *