ശബരിമലയില്‍ ഒരു യുവതികൂടി ദര്‍ശനം നടത്തി മടങ്ങി

ശബരിമല: സംസ്ഥാനമാകെ അക്രമം പടരുന്നതിനിടെ ശബരിമലയില്‍ ഒരു യുവതികൂടി ദര്‍ശനം നടത്തി മടങ്ങി. ശ്രീലങ്കന്‍ സ്വദേശിനി ശശികലയാണ് (47) അയ്യപ്പ ദര്‍ശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വ്യാഴാഴ്ച രാത്രി 10. 40 ന് ഹരിവരാസനം പാടി നടയടക്കുന്നതിനു തൊട്ടുമുമ്ബായിരുന്നു ശശികല ദര്‍ശനം നടത്തി മടങ്ങിയത്. ഭര്‍ത്താവുള്‍പ്പെടെ കുടുംബാംഗങ്ങളുമായാണ് ശശികല ദര്‍ശനത്തിനെത്തിയത്.
ശശികലയുടെ ഭര്‍ത്താവും മകനും ഗുരുസ്വാമിയും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. സന്നിധാനത്തെ 19 ാം നമ്ബര്‍ സിസിടിവി കാമറയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ശശികല ദര്‍ശനം നടത്തുമ്ബോള്‍ തീര്‍ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്.

എന്നാല്‍ താന്‍ ദര്‍ശനം നടത്തിയിട്ടില്ലെന്നായിരുന്നു വ്യാഴാഴ്ച ശശികല മാധ്യമങ്ങളോട് പറഞ്ഞത്. മരക്കൂട്ടത്തുനിന്നു പോലീസ് തന്നെ തിരിച്ചയച്ചെന്നും വ്രതമെടുത്താണ് ദര്ശനത്തിനെത്തിയതെന്നുമായിരുന്നു ശശികല പറഞ്ഞത്. സംഘപരിവാര്‍ സംഘടനകളുടെ അക്രമം ഭയന്നാവാം ഇവര്‍ ദര്‍ശനം നടത്തിയ വിവരം മറച്ചുവച്ചതെന്നാണ് അറിയുന്നത്.

പമ്ബയിലെത്തിയ ശശികലയും സംഘവും പോലീസിന്റെ അറിവോടെയാണ് മലകയറിയത്. രാത്രി പത്തോടെ സന്നിധാനത്തെത്തിയ സംഘം ഒന്നിച്ചു ദര്‍ശനം നടത്താതെ വഴിപിരിഞ്ഞു. ഇതോടെ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയെന്ന് വാര്‍ത്ത പരന്നു. എന്നാല്‍ താന്‍ മാത്രമാണ് ദര്‍ശനം നടത്തിയതെന്നായിരുന്നു ശരവണമാരന്‍ പറഞ്ഞത്.

തുടര്‍ന്ന് പോലീസ് സംരക്ഷണയില്‍ ശരവണമാരനും മകനും മലയിറങ്ങി. എന്നാല്‍ ശശികല എവിടെയുണ്ടെന്ന് പ്രതികരിക്കാന്‍ ശരവണമാരന്‍ തയാറായില്ല. മലയിറങ്ങി ശരവണമാരന്‍ പമ്ബയിലെ പോലീസ് ഔട്ട് പോസ്റ്റില്‍ വിശ്രമത്തിനിരുന്നു. തൊട്ടു പിന്നാലെ മാധ്യമങ്ങളുടെ കണ്ണില്‍ പെടാതെ ശശികലയും പമ്ബയിലെത്തി.
എന്നാല്‍ ഇവിടെവച്ച് മാധ്യമങ്ങള്‍ ശശികലയെ തിരിച്ചറിഞ്ഞു. പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് പോലീസ് തനിക്ക് ദര്‍ശനാനുമതി നിഷേധിച്ചെന്ന് ആരോപിച്ച് ഇവര്‍ പൊട്ടിത്തെറിച്ചു. പതിനെട്ടാം പടിക്ക് സമീപമെത്തിയ തനിക്ക് പോലീസ് ദര്‍ശനാനുമതി നിഷേധിച്ചെന്നായിരുന്നു ആരോപണം. പമ്ബയില്‍നിന്നും മടങ്ങിയ ഇവര്‍ക്ക് പത്തനംതിട്ട വരെ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്. ഇവര്‍ എവിടേക്കാണ് പോയതെന്ന വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല.
