KOYILANDY DIARY

The Perfect News Portal

ശിലാഫലകം മാറ്റി സ്ഥാപിച്ചത് നിയമകുരുക്കിലേക്ക്‌

കോഴിക്കോട്: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുമായി ബന്ധപ്പെട്ട ശിലാഫലകത്തെക്കുറിച്ച്‌ പി.ടി.എ.യും അദ്ധ്യാപകരും തര്‍ക്കം രൂക്ഷം.
സ്കൂളിലെ കുട്ടികള്‍ സംഭാവന പിരിച്ചെടുത്ത് സ്കൂള്‍ മുറ്റത്ത് ആഴ്ചകള്‍ക്ക് മുമ്പ്‌ ഗാന്ധി പ്രതിമ സ്ഥാപിച്ചിരുന്നു.

മുന്‍ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ജെ. ജയനാഥായിരുന്നു പ്രതിമ അനാച്ഛാദനം ചെയ്തിരുന്നത്. അന്ന് പ്രതിമയുടെ ചുവട്ടില്‍ ഉണ്ടായിരുന്ന ശിലാഫലകത്തില്‍ ഉദ്ഘാടകന്റെയും ഹെഡ് ടീച്ചറുടെയും സ്റ്റുഡന്റ് പൊലീസിന്റെ സ്കൂള്‍ ചാര്‍ജ്ജുമുള്ള ടീച്ചറുടെയും പേരുകളാണ് ഉണ്ടായിരുന്നത്. ശിലാഫലകത്തില്‍ പി.ടി.എ. പ്രസിഡണ്ടിന്റെ പേരില്ലാത്തതിനാല്‍ ഉദ്ഘാടന ദിവസം തന്നെ പി.ടി.എ യും, അദ്ധ്യാപകരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു.

ഇതിനിടയിലാണ് പി.ടി.എ. പ്രസിഡണ്ടിന്റെ പേര് ഉള്‍പ്പെടുത്തി പുതിയ ശിലാഫലകം രാത്രി പ്രത്യക്ഷപ്പെട്ടത്. ഉദ്ഘാടനം ചെയ്തപ്പോഴുള്ള ശിലാഫലകം പ്രതിമയുടെ അടിത്തറയില്‍ നിന്നും അടര്‍ത്തി മാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ സ്കൂളിലെ പ്രധാനാദ്ധ്യാപിക രംഗത്ത് വരികയും ശിലാഫലകം മാറ്റി സ്ഥാപിച്ചവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറാകുകയും ചെയ്തു.

Advertisements

രാഷ്ടപിതാവിന്റെ പ്രതിമയില്‍ നിന്നും ഔദ്യോഗികമായ ശിലാഫലകം അടര്‍ത്തി മാറ്റിയത് ക്രിമിനല്‍ കേസ്സിന് വഴിവെയ്ക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ശിലാഫലകം പിഴുതെടുത്തവര്‍ തന്നെ ഇരുട്ടിന്റെ മറവില്‍ പഴയത് വീണ്ടും സ്ഥാപിച്ചു.

ശിലാഫലകത്തില്‍ സ്വന്തം പേര് വരുന്നതിന് വേണ്ടി നടന്ന ഈയൊരു സംഭവത്തില്‍ ആദ്യത്തെ ശിലാഫലകത്തില്‍ പേരുണ്ടായിരുന്ന സ്റ്റുഡന്റ് പൊലീസിന്റെ സ്കൂള്‍ അധികാരി തന്റെ പേര് ശിലാഫലകത്തില്‍ നിന്നും മായ്ച്ച്‌ കളഞ്ഞിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *