KOYILANDY DIARY

The Perfect News Portal

ശബരിമലയിലെത്തുന്ന വിശ്വാസികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ നടപടിയും സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന വിശ്വാസികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ നടപടിയും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് നിലയ്‌ക്കലില്‍ വനിതാമാധ്യമപ്രവര്‍ത്തകരെ തടയുന്ന സ്ഥിതിയുണ്ടായി. അത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ സമ്മതിക്കില്ല. വാഹനങ്ങളില്‍ ആരാണ് യാത്രചെയ്യുന്നതെന്ന് പരിശോധിക്കാനോ നിയമം കയ്യിലെടുക്കാനോ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിശ്വാസികള്‍ക്ക് കാര്യമായ സഹായവും സംരക്ഷണവും നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് തടസ്സമായി നില്‍ക്കുന്ന ഒന്നിനെയും പ്രോത്സാഹിപ്പിക്കില്ല. വിശ്വാസത്തിന്റെ ഭാഗമായി ശബരിമലയില്‍ പോകുന്നയാളുകള്‍ ശാന്തമായി പോയി ശാന്തമായി തിരിച്ചുവരികയാണ് ചെയ്യുന്നത്. അതിനുള്ള സാഹചര്യം ഇപ്പോഴുമുണ്ട്. വിശ്വാസികള്‍ക്ക് ശബരിമലയില്‍ പോകാനും പ്രാര്‍ത്ഥന നടത്താനും സൗകര്യമൊരുക്കും.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി എന്താണോ അത് നടപ്പിലാക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയതാണ്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ ഹിന്ദു ധര്‍മശാസ്ത്ര പണ്ഡിതന്മാരുടെ ഒരു കമീഷന്‍ വെച്ച്‌ അഭിപ്രായം തേടണമെന്ന് വരെ കോടതിയില്‍ ആവശ്യപ്പെട്ടതാണ്. പുരുഷനോടൊപ്പം തന്നെ സ്‌ത്രീയ്‌‌ക്കും എല്ലാ അവകാശവുമുണ്ടെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. എന്നാല്‍ അതുപ്രകാരം ഏതെങ്കിലും നിയമനിര്‍മാണത്തിനു പോകാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്നും വ്യക്തമാക്കിയതാണ്. കോടതി വിധി നടപ്പാക്കുക എന്നതാണ് 1991ലും സ്വീകരിച്ചത്.

Advertisements

സ്‌‌‌ത്രീകളെ പിച്ചിച്ചീന്തുമെന്നും ഭരണഘടന കത്തിക്കുമെന്നുമൊക്കെ ഉത്തരവാദിത്വപ്പെട്ടവര്‍ പറയാമോ എന്ന് ചിന്തിക്കണമെന്നും മുഖ്യമന്തി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *