KOYILANDY DIARY

The Perfect News Portal

വ്യാപാരിയെ ഇടിച്ച്‌ കൊലപ്പെടുത്തിയ കാര്‍ പിടികൂടിയപ്പോള്‍ കണ്ടെത്തിയത്‌ കൊയിലാണ്ടിയിലേക്കുള്ള 1.45 കോടിയുടെ കള്ളപ്പണം

കണ്ണൂര്‍: നീലേശ്വരത്തുവെച്ച്‌ വ്യാപാരിയെ ഇടിച്ച്‌ കൊലപ്പെടുത്തിയ കാര്‍ കണ്ണൂര്‍ വളപട്ടണത്തുവെച്ച്‌ പോലീസ് പിടികൂടിയപ്പോള്‍ കണ്ടെത്തിയത്‌ 1.45 കോടിയുടെ കള്ളപ്പണം. നീലേശ്വരത്തെ പച്ചക്കറി വ്യാപാരി കെ. പി തമ്പാനെ ഇടിച്ചുവീഴ്ത്തി, നിര്‍ത്താതെ പോയ കാര്‍ വളപട്ടണത്തുവെച്ചു പിടികൂടിയപ്പോഴാണ് നാടകീയമായ സംഭവ പരമ്പരകളുടെ ചുരുളഴിഞ്ഞത്.

മഹാരാഷ്ട്ര സ്വദേശികളായ സാഗര്‍ബാല്‍സോ ഖിലാരി (21), എസ്.ബി.കിഷോര്‍ധനാജി (33) എന്നിവരാണ് കേരളത്തിലേയ്ക്ക് ഒന്നേമുക്കാല്‍ കോടിയുടെ കള്ളപ്പണവും കള്ളക്കടത്ത് സ്വര്‍ണവുമായി പുറപ്പെട്ടത്. കള്ളപ്പണം കടത്തുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡ് രജിസ്‌ട്രേഷനിലുള്ള ഈ കാറിനെ കസ്റ്റംസ് അധികൃതര്‍ പിന്‍തുടരുന്നുണ്ടായിരുന്നു. കസ്റ്റംസിനെ വെട്ടിച്ച്‌ വരുന്നതിനിടയിലാണ് നീലേശ്വരത്തുവെച്ച്‌ കാര്‍ വ്യാപാരിയെ ഇടിച്ചത്.

രാജാറോഡിലെ പച്ചക്കറി വ്യാപാരി കരുവാച്ചേരിയിലെ കെ.പി.തമ്ബാനെ (50) യാണ് കാറിടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.45-ഓടെ വീട്ടില്‍നിന്ന് കടയിലേയ്ക്കു വരുന്നതിനിടെ കരുവാച്ചേരി പി.ഡബ്ല്യു.ഡി. ഓഫീസിന് സമീപത്തായിരുന്നു അപകടം. കട തുറക്കാനായി നടന്നുവരികയായിരുന്ന ഇദ്ദേഹത്തെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ നിര്‍ത്താതെ കണ്ണൂര്‍ ഭാഗത്തേയ്ക്ക് പോയി. തമ്പാന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

Advertisements

അപകടത്തിനിടയാക്കിയ കാര്‍ നിര്‍ത്താതെ പോയതായുള്ള വിവരം കണ്ണൂര്‍ ജില്ലയില്‍ അടക്കമുള്ള പോലീസ് സ്‌റ്റേഷനുകളിലേയ്ക്ക് നീലേശ്വരം പോലീസ് ഉടന്‍തന്നെ കൈമാറി. ഹൈവേ പോലീസ് സംഘം വിവിധ സ്ഥലങ്ങളില്‍ പരിശോധനയും ആരംഭിച്ചു.

വാഹന പരിശോധനയ്ക്കിടെ അപകടത്തിനിടയാക്കിയ കാര്‍ വളപട്ടണം പാലത്തിനു സമീപത്തുവെച്ച്‌ വളപട്ടണം സിഐ എം കൃഷ്ണനും എസ് ഐ വിജേഷും സംഘവും തടഞ്ഞു. ഹൈവേ പോലീസിന്റെ സഹായത്തോടെ പിടികൂടിയ ഈ കാര്‍ സ്‌റ്റേഷനിലേയ്ക്ക് മാറ്റുകയും കാറിലുണ്ടായിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വ്യാപാരിയെ ഇടിച്ചു കൊലപ്പെടുത്തിയ കാറാണിതെന്നും പോലീസിന് വ്യക്തമായി.

വളപട്ടണം സ്റ്റേഷനിലേക്കു മാറ്റി കാര്‍ പരിശോധിക്കുന്നതിനിടെയാണ് സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘം ദേശീയപാത വഴി വരുന്നുണ്ടെന്ന കസ്റ്റംസിന്റെ സന്ദേശം പൊലീസിനു ലഭിക്കുന്നത്. ഈ വിവരം ലഭിച്ചതോടെ കസ്റ്റഡിയിലെടുത്ത കാര്‍ പൊലീസ് വിശദമായി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് കാറില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന കള്ളപ്പണം കണ്ടെത്തിയത്. കാര്‍ കസ്റ്റഡയില്‍ എടുത്ത വിവരമറിഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റും സ്ഥലത്തെത്തി കാര്‍ പരിശോധിച്ചു.

സീറ്റിനടിയിലെ പ്രത്യേക അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. 1.45 കോടി രൂപയുടെ 45,000 നോട്ടുകളാണ് പിടികൂടിയത്. കൊയിലാണ്ടിയിലേക്കാണ് പണം കടത്തുന്നതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇത് കുഴല്‍പ്പണമാണെന്നാണ് സൂചന.

ഇവര്‍ കൊണ്ടുവന്ന സര്‍ണം കണ്ടെത്താനായിട്ടില്ല. ഇത് ഇവര്‍ വില്‍പ്പന നടത്തിയതായാണ് വിവരം. പിടിച്ചെടുത്തതുക എന്‍ഫോഴ്‌സ്‌മെന്റിനും പ്രതികളെ നീലേശ്വരം പോലീസിനും കൈമാറി. അപകടം സംബന്ധിച്ച കേസ് നീലേശ്വരം പോലീസും കള്ളപണം സംബന്ധിച്ച കേസ് എന്‍ഫോഴ്‌സ്‌മെന്റുമാണ്കൈകാര്യം ചെയ്യുക.

കരിവെള്ളൂര്‍ പുത്തൂരിലെ പരേതരായ അമ്ബുവിന്റെയും മാണിക്കത്തിന്റെയും മകനാണ് കാറിടിച്ചുമരിച്ചതമ്ബാന്‍. ഭാര്യ: സാവിത്രി (കരുവാച്ചേരി). മക്കള്‍: അരുണ്‍, അഖില്‍, അര്‍ച്ചന. മരുമക്കള്‍: തുഷാര (എസ്.ബി.ഐ., നീലേശ്വരം), സൗമ്യ (ലാബ് ടെക്നീഷ്യന്‍, ചായ്യോത്ത്). സഹോദരി: ജാനകി പുത്തൂര്‍. മൃതദേഹം നീലേശ്വരം എന്‍.കെ.ബി.എം. ആസ്പത്രിയിലാണ്. വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് കോട്ടപ്പുറം സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും

Leave a Reply

Your email address will not be published. Required fields are marked *