KOYILANDY DIARY

The Perfect News Portal

വിശ്രമകേന്ദ്രത്തിന്റെ മുകള്‍ നിലയില്‍ നിന്ന് മത്സ്യതൊഴിലാളിയെ നിലത്തെറിഞ്ഞുകൊന്നു

വിഴിഞ്ഞം: വിഴിഞ്ഞത്ത് ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം വിശ്രമകേന്ദ്രത്തിന്റെ മുകള്‍ നിലയില്‍ നിന്ന് മത്സ്യതൊഴിലാളിയെ നിലത്തെറിഞ്ഞുകൊന്നു. വിഴിഞ്ഞം കോട്ടപ്പുറം വടയാര്‍ പുരയിടത്തില്‍ ക്രിസ്റ്റടിമയാണ് (55) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കലവാനെന്ന റോബിന്‍സണ്‍, രാമേശ്വരം സ്വദേശി രാധ എന്നിവരെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു.

മത്സ്യ തൊഴിലാളിയായ ക്രിസ്റ്റടിമ പുലര്‍ച്ചെ മത്സ്യ ബന്ധനത്തിന് പോകാനായി വീട്ടില്‍ നിന്ന് രാത്രി ഒന്പതു മണിയോടെയാണ് കടപ്പുറത്തെത്തിയത്. ഫിഷ് ലാന്റിംഗ് സെന്ററിന് സമീപത്ത് നിര്‍മ്മാണം നടന്നുവരുന്ന ലേലക്കാരുടെ വിശ്രമകേന്ദ്രത്തിന്റെ മുകള്‍ നിലയില്‍ കിടന്നുറങ്ങിയശേഷമാണ് വെളുപ്പാന്‍ കാലത്ത് ബോട്ടില്‍ പോകുന്നത്.

ക്രിസ്റ്റടിമ ഉറങ്ങാനെത്തിയ സമയത്ത് വിശ്രമകേന്ദ്രത്തിന് മുകളില്‍ റോബിന്‍സണും രാധയും കഞ്ചാവ് വലിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതില്‍ പ്രകോപിതരായ റോബിന്‍സണും രാധയും ക്രിസ്റ്റടിമയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും ഇരുവരും ചേര്‍ന്ന് ഇയാളെ പൊക്കി നിലത്തെറിയുകയുമായി രുന്നുവെന്ന് പൊലീസ് പറഞ്ഞു.

Advertisements

തറയില്‍ വീണ് രക്തത്തില്‍ കുളിച്ച ക്രിസ്റ്റടിമയെ വിവരം അറിഞ്ഞെത്തിയ വിഴിഞ്ഞം പൊലീസ് ആംബുലന്‍സ് വരുത്തി ഉടന്‍ വിഴിഞ്ഞം ഗവ. ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവസമയത്ത് കെട്ടിടത്തിന്റെ മുകള്‍ നിലയിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളാണ് സംഭവം കൊലപാതകമാണെന്ന് പൊലീസിനെ അറിയിച്ചത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റോബിന്‍സണേയും രാധയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും കഞ്ചാവ് ലഹരിയിലായതിനാല്‍ ഇവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഷെര്‍ലിയാണ് ക്രിസറ്റടിമയുടെ ഭാര്യ. റോബര്‍ട്ട് മകനാണ്. വിഴിഞ്ഞം സി.ഐയുടെ നേതൃത്വത്തില്‍ സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *