KOYILANDY DIARY

The Perfect News Portal

പുതുപ്പാടി ദേശീയപാതയില്‍ വീണ്ടും വാഹനാപകടം

താമരശ്ശേരി: രണ്ടുദിവസം മുമ്പ് ഏഴുപേരുടെ ജീവന്‍ പൊലിഞ്ഞ ദേശീയപാതയുടെ പുതുപ്പാടി ഭാഗത്ത് വീണ്ടും വാഹനാപകടം. തിങ്കളാഴ്ച രാവിലെ മലപുറം നെരൂക്കിന്‍ചാലിലുണ്ടായ അപകടത്തില്‍ കാറില്‍ സഞ്ചരിച്ച ഏഴുപേര്‍ക്ക് പരിക്കേറ്റു. നിര്‍ത്തി ആളെ കയറ്റുകയായിരുന്ന സ്വകാര്യബസിന്റെ പുറകില്‍ കാറ് വന്നിടിച്ചാണ് അപകടമുണ്ടായത്.

തിരുവനന്തപുരത്തുപോയി വയനാട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്ന മീനങ്ങാടി കരണി സ്വദേശി സുനിത(45), മക്കളായ അനുരാഗ്(21), അദ്വൈദ്(18), സഹോദരന്‍ വിജീഷ്(28), ബന്ധുവായ ജ്യോതി(32), ജ്യോതിയുടെ മകന്‍ കാശിനാഥ്(മൂന്ന്), ഡ്രൈവര്‍ കാര്യമ്പാടി സ്വദേശി മന്‍സൂര്‍(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല.

താമരശ്ശേരിയില്‍നിന്ന് നൂറാംതോട്ടിലേക്കുപോകുകയായിരുന്ന ‘നൂറ’ ബസിന്റെ പിറകിലാണ് കാറിടിച്ചത്. കാറിന്റെ മുന്‍വശം ബസിന്റെ അടിയിലേക്ക് ഇടിച്ചുകയറി. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസിനും കേടുപാടുപറ്റി.

Advertisements

ശനിയാഴ്ച ദേശീയപാതയില്‍ കൈതപ്പൊയിലിന് സമീപമാണ് വന്‍ദുരന്തത്തില്‍ കലാശിച്ച വാഹനാപകടമുണ്ടായത്. ദേശീയപാതയുടെ ഈ ഭാഗത്ത് വാഹനാപകടങ്ങള്‍ ആവര്‍ത്തിക്കുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. അപകടങ്ങള്‍ ഒഴിവാക്കാന്‍ പോലീസിന്റെയും ദേശീയപാതാ അധികൃതരുടെയും അടിയന്തര നടപടികളുണ്ടാവണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *