KOYILANDY DIARY

The Perfect News Portal

വിവിധ ആളുകളില്‍ നിന്നായി അരക്കോടിയോളം തട്ടിയെടുത്തയാള്‍ പിടിയില്‍

വേങ്ങര: വിവിധ ബാങ്കുകളില്‍ നിന്നും വായ്പ വാഗ്ദാനം ചെയ്ത് വിവിധ ആളുകളില്‍ നിന്നായി അരക്കോടിയോളം തട്ടിയെടുത്തയാള്‍ പിടിയില്‍. കഴിഞ്ഞ നാലു മാസമായി ഒതുക്കുങ്ങല്‍ കൊളത്തൂ പറമ്പില്‍ താമസക്കാരനായ തിരുവനന്തപുരം വഞ്ചിയൂര്‍ കൈതമുക്ക് ശിവശക്തി വീട്ടില്‍ മാധവന്‍ പിള്ളയുടെ മകന്‍ പ്രവീണ്‍ കുമാര്‍ (42) ആണ് പിടിയിലായത്.

ഒക്ടോബര്‍ അഞ്ചിന് മലപ്പുറത്തു വിവിധ ബാങ്കുകള്‍ നടത്തിയ ലോണ്‍ മേളയില്‍ പങ്കെടുത്ത രണ്ടു വേങ്ങര സ്വദേശികളുടെ പരാതിയിലാണ് അറസ്റ്റ്.മേളക്ക് പുറത്ത് കാത്തുനിന്ന പ്രവീണ്‍ കുമാര്‍ ഇവര്‍ക്ക് ലോണ്‍ വാഗ്ദാനം നല്‍കുകയും ലോണ്‍ സംഘടിപ്പിക്കുന്നതിനായി പണം കൈപ്പറ്റി മുങ്ങുകയുമായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി ഇയാള്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് വേങ്ങര പൊലീസ് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ജോലിക്ക് ആളെ നല്‍കുന്നുവെന്നും സ്ഥലം വില്‍പനക്കുണ്ടെന്നും വായ്പ തരപ്പെടുത്തി നല്‍കുമെന്നും തുടങ്ങിയ പരസ്യങ്ങള്‍ നല്‍കിയാണ് തട്ടിപ്പ്. വിവിധ ഫോണ്‍ നമ്ബറുകള്‍ നല്‍കിയായിരുന്നു തട്ടിപ്പ്. സ്ഥലം വില്‍പ്പനക്കുവെക്കുന്നവരുടെ നമ്ബരുകള്‍ ശേഖരിച്ച്‌ സ്ഥലവിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ബാങ്കുകളില്‍ നിന്നും വായ്പ സംഘടിപ്പിച്ച്‌ നല്‍കാമെന്നാണ് വാഗ്ദാനം. ബാങ്കുകളുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നു വരുത്തി തീര്‍ത്ത് ഇവരുടെ രേഖകള്‍ കൈപ്പറ്റിയ ശേഷം പ്രാരംഭ ചിലവിലേക്കായി 30000 നു മേല്‍ തുക കൈപ്പറ്റുന്നതാണ് പതിവ് രീതി.

രേഖകളും പണവും കൈപ്പറ്റിയ ശേഷം സിംകാര്‍ഡുകള്‍ നശിപ്പിക്കുകയായിരുന്നു. വന്‍കിട ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ആളെ നല്‍കാമെന്നും പ്രാരംഭ ചിലവ് തന്റെ എക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന രീതിയിലുള്ള മറ്റൊരു തട്ടിപ്പും നടത്തി വരുന്നു. 2009ല്‍ പൂജപ്പരയില്‍ ഇയാളെ കാണാതായതായും കേസുണ്ട്.തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മുങ്ങിയ ഇയാള്‍ നിരവധി മലയാളികളെ ഫ്ലാറ്റുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയതായും വേങ്ങര പൊലീസ് പറഞ്ഞു. പിന്നീട് കോട്ടയം, പാലക്കാട്‌ ജില്ലകളില്‍ തട്ടിപ്പു നടത്തിയ ഇയാള്‍ അടുത്ത കാലത്താണ് മലപ്പുറത്തെത്തിയത്.

Advertisements

ലക്ഷങ്ങള്‍ വിലമതിക്കുന്ന മറ്റുള്ളവരുടെ ഭൂമിയും കെട്ടിടവും കാണിച്ച്‌ അഡ്വാന്‍സ് കൈപ്പറ്റുന്ന രീതിയും ഇയാള്‍ക്കുണ്ട്. ഇപ്പോള്‍ കിട്ടിയ വിവരമനുസരിച്ച്‌ വിവിധ മാര്‍ഗങ്ങളിലായി അരക്കോടിയോളം രൂപ തട്ടിപ്പു നടത്തിയതായാണ് സൂചന .

ജില്ലാ പൊലീസ് മേധാവി യു അബ്ദുല്‍ കരീം ഐപിഎസി ന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് വായ്പാ ആവശ്യക്കാരായി ചമഞ്ഞാണ് പ്രതിയെ വലയില്‍ വീഴ്ത്തിയത്. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, വേങ്ങര എസ്‌ഐ മാരായ എന്‍ മുഹമ്മദ് റഫീക്, എം പി അബൂബക്കര്‍, സീനിയര്‍ സിപിഒ അബ്ദുല്‍ റഷീദ്, സിപിഒമാരായ ഷിജു, ഷഫീഖ്, മുജീബ് റഹ്മാന്‍, റിഷാദ്, സുബൈര്‍ ,അശോകന്‍ എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *