KOYILANDY DIARY.COM

The Perfect News Portal

വിവാഹ സത്കാരത്തിനിടെ ലഭിച്ച സമ്മാനം പൊട്ടിത്തെറിച്ച്‌ നവവരനും മുത്തശിക്കും ദാരുണാന്ത്യം

ഭുവനേശ്വര്‍: വിവാഹ സത്കാരത്തിനിടെ ലഭിച്ച സമ്മാനം പൊട്ടിത്തെറിച്ച്‌ നവവരനും മുത്തശിക്കും ദാരുണാന്ത്യം. സ്ഫോടനത്തില്‍ പരിക്കേറ്റ വധു ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഒഡിഷയിലെ ബോലാങ്കിര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. വിവാഹം കഴിഞ്ഞതിന്റെ അഞ്ചാം ദിവസം സമ്മാനങ്ങള്‍ തുറന്ന് നോക്കുന്നതിനിടയിലാണ് സംഭവം നടന്നത്.

സ്ഫോടനത്തില്‍ പരിക്കേറ്റ വരന്റെ മുത്തശി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. എന്നാല്‍ റൂര്‍ക്കേലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നവവരന്‍ മരിക്കുന്നത്. ഇയാളുടെ ഭാര്യ ബുര്‍ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച നടന്ന വിവാഹ സത്കാരത്തിനിടെ സ്ഫോടനത്തിന് കാരണമായ സമ്മാനം നല്‍കിയത് ആരാണെന്ന് പൊലീസ് അന്വേഷിക്കുകയാണ്. ഇതില്‍ ഏത് തരം സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചതെന്നും അന്വേഷണ വിധേയമാക്കുന്നുണ്ട്. കുടുംബവുമായി ശത്രുതയുള്ള ആരോ ചെയ്തതാകാം എന്നാണ് പൊലീസ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്തതായും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!