KOYILANDY DIARY

The Perfect News Portal

വിനായകന്റെ മരണം: ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂര്‍: പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകിന് പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് വ്യക്തമാക്കി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

തലക്കും, നെഞ്ചിലും മര്‍ദനമേറ്റതിന്റെയും കാലിലും ശരീരത്തിലും ബൂട്ട് ഉപയോഗിച്ച്‌ ചവിട്ടിയതിന്റെയും പാടുകള് ഉള്ളതായി റിപ്പോര്‍ട്ടിലുണ്ട്. വലത്തെ മുലഞെട്ട് പിടിച്ചുടച്ച നിലയിലാണ്. ശരീരം മുഴുവന്‍ മര്‍ദനമേറ്റിട്ടുണ്ട്.

കഴിഞ്ഞയാഴ്ച തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ ആത്മഹത്യ ചെയ്ത വിനായകന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുളളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് വിനായകന്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇതു ശരിവയ്ക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

Advertisements

മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.എന്‍.എ.ബാലറാമും, ഫോറന്‍സിക് സര്‍ജനും അസി.പ്രഫസറുമായ ഡോ.കെ.ബി.രാഖിനും തയാറാക്കിയ മൂന്ന് പേജ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാടുകളെ പഴയതും പുതിയതുമെന്ന് തിരിച്ചിട്ടിട്ടുണ്ട്.

19 കാരനായ വിനായകിനെ മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനാണ് പാവറട്ടി പൊലീസ് പിടികൂടിയത്. ഇയാള്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ കൊടിയ മര്‍ദനം ഏല്‍ക്കേണ്ടി വന്നതായി ഒപ്പമുണ്ടായിരുന്ന സുഹൃത്തും ബന്ധുക്കളും ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായി അസി. കമീഷണര്‍ റിപ്പോര്‍ട്ട് നല്‍കി.

സി.പി.ഒമാരായ ശ്രീജിത്ത്, സാജന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്ത് തല്‍ക്കാലം മുഖം രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു.

വിനായകിനെ മര്‍ദിച്ചിട്ടില്ലെന്നും അച്ഛനെ വിളിച്ചു വരുത്തി പറഞ്ഞയെച്ചന്നുമായിരുന്നു പൊലീസ് വിശദീകരണം. ഇത് പൂര്‍ണമായും തള്ളുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *