KOYILANDY DIARY

The Perfect News Portal

വിദ്യാര്‍ഥികള്‍ എയിംഫില്‍ അക്കാദമിക്കു മുന്നില്‍ സമരം തുടങ്ങി

കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വഞ്ചിച്ചെന്നും ഇതുവരെ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കിയില്ലെന്നും ആരോപിച്ച്‌ വിദ്യാര്‍ഥികള്‍ മാവൂര്‍ റോഡിലെ എയിംഫില്‍ അക്കാദമിക്കു മുന്നില്‍ സമരം തുടങ്ങി. തിങ്കളാഴ്ച 11 മണിക്ക് തുടങ്ങിയ സമരം വൈകിയും തുടരുകയാണ്.

കോഴ്സിന് ചേരുന്ന സമയത്ത് നല്‍കിയ എസ്.എസ്.എല്‍.സി.യുടെയും പ്ലസ്ടുവിന്റെയും സര്‍ട്ടിഫിക്കറ്റുകളാണ് കുട്ടികള്‍ ആവശ്യപ്പെട്ടത്. പതിനൊന്ന് കുട്ടികളാണ് രാവിലെയെത്തിയത്. ഹൈക്കോടതിയില്‍ പോയി വാങ്ങിക്കൊള്ളൂ എന്നാണ് സ്ഥാപനത്തിലെ ജീവനക്കാരുടെ പ്രതികരണമെന്ന് കുട്ടികള്‍ പറഞ്ഞു.

ഇതോടെ കുട്ടികളും ജീവനക്കാരും തമ്മില്‍ ബഹളമായി. തുടര്‍ന്ന് നടക്കാവ് എ.എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥികളും ജീവനക്കാരുമായി ചര്‍ച്ച നടത്തി. ഹൈക്കോടതിയിലാണ് സര്‍ട്ടിഫിക്കറ്റുകളെന്ന് സ്ഥാപനത്തില്‍നിന്ന് എഴുതിവാങ്ങി പിരിഞ്ഞുപോവാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥികള്‍ തയ്യാറായില്ല.

Advertisements

ഇവിടെ നിന്നാല്‍ കേസെടുക്കേണ്ടിവരുമെന്ന് പറഞ്ഞ് പോലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടികള്‍ അതിനും വഴങ്ങിയില്ല. നാലുലക്ഷം രൂപ ഫീസുകൊടുത്തെന്ന അവകാശത്തിലാണ് ഇവിടെയിരിക്കുന്നതെന്നും സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പോവില്ലെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ നിലപാട്. വൈകീട്ടും സമരം തുടര്‍ന്നതോടെ എസ്.ഐ. സജീവെത്തി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.

Leave a Reply

Your email address will not be published. Required fields are marked *