KOYILANDY DIARY.COM

The Perfect News Portal

വരകുന്നിൽ വനിതാ പരിശീലന കേന്ദ്രവും കമ്യൂണിറ്റി ഹാളും മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: നഗരസഭയിലെ വരകുന്നിൽ വനിതകൾക്കായി തൊഴിൽ പരിശീലന  നൈപുണ്യ വികസന കേന്ദ്രമൊരുങ്ങുന്നു. നവീകരിച്ച കെട്ടിട സമുച്ചയത്തിൻ്റെ ഉദ്ഘാടനം ചൊവ്വാഴ്ച 3 മണിക്ക് കെ. ദാസൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ തൊഴിൽ  എക്സൈസ് വകുപ്പുമന്ത്രി ടി. പി. രാമകൃഷ്ണൻ നിർവ്വഹിക്കും. വർഷങ്ങളായി പ്രവർത്തനരഹിതമായി കിടന്ന കേന്ദ്രം  കൊയിലാണ്ടി നഗരസഭ 75 ലക്ഷം രൂപ ചെലവിൽ  കാലഘട്ടത്തിൻ്റെ ആവശ്യത്തിനനുസരിച്ച് പുതുമോടിയിൽ ജില്ലാതല പരിശീലന കേന്ദ്രമായി വികസിപ്പിച്ചിരിക്കുകയാണ്. 100 പേർക്കിരിക്കാവുന്ന ക്ലാസ് മുറികൾ, ഓഫീസ്, ലൈബ്രറി, സ്വീകരണമുറി എന്നിവ തയ്യാറായി കഴിഞ്ഞു.
പ്രായോഗിക പരിശീലനത്തിനുള്ള പ്രത്യേക സംവിധാനവും പരിശീലന കേന്ദ്രത്തിന്റെ അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. 100 പേർക്ക് താമസിക്കാനുള്ള ബാത്ത് അറ്റാച്ച്ഡ് ഡോർമിറ്ററി, കുടുംബശ്രീ യൂണിറ്റിൻ്റെ നാടൻ ഭക്ഷണശാല എന്നിവയും ഇവിടെ സജ്ജമായിക്കഴിഞ്ഞു. കുടുബശ്രീ ജില്ലാ മിഷനുമായി കരാർ വ്യവസ്ഥയിൽ സംയുക്ത സംരംഭമായാണ് പരിശീലന കേന്ദ്രത്തിൻ്റെ തുടർ പ്രവർത്തനം നടക്കുക. പരിശീലന കേന്ദ്രത്തിൻ്റെ അനുബന്ധമായി 500 പേർക്ക് ഇരിക്കാവുന്ന  കമ്യൂണിറ്റിഹാളും സ്റ്റേജും,  വിശാലമായ കാർ പാർക്കിംഗ് സൗകര്യവും സുരക്ഷിതമായ കവാടവും തയ്യാറായികഴിഞ്ഞു. കുടുംബശ്രീ ജില്ലാ പരിശീലനങ്ങൾക്ക് വേദിയൊരുക്കുന്നതോടൊപ്പം വിവിധ സംഘടനകളുടെ സമ്മേളനങ്ങൾ, പരിശീലന പരിപാടികൾ, സർക്കാർ പരിപാടികൾ എന്നിവയ്ക്കും  ഇവിടുത്തെ സൗകര്യം വളരെ പ്രയോജനപ്പെടും. ഭക്ഷണപ്പുരയുടെ പ്രവർത്തി ഉടൻ പുർത്തിയാവും.
വിവാഹങ്ങൾ, വിവാഹ സൽക്കാരങ്ങൾ എന്നിവയ്ക്കുള്ള പന്തലും അനുബന്ധ സൗകര്യങ്ങളുമൊരുക്കാൻ ഭാരിച്ച ചെലവ് വരുന്ന ഇക്കാലത്ത് വളരെ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് ഇത്തരം സൗകര്യം വളരെ സഹായകരമാവുമെന്നും നഗരസഭാ ചെയർമാൻ അഡ്വ. കെ സത്യൻ പറഞ്ഞു.  ഉദ്ഘാടന പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
Share news

Leave a Reply

Your email address will not be published. Required fields are marked *