KOYILANDY DIARY

The Perfect News Portal

വനിതാ മതില്‍ തകരില്ല; 5 ലക്ഷം വനിതകളെ കെപിഎംഎസ് മാത്രം പങ്കെടുപ്പിക്കുമെന്ന് പുന്നല ശ്രീകുമാര്‍

തിരുവനന്തപുരം: വനിതാ മതിലിന് എതിരായി ഉയരുന്ന ആക്ഷേപങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. മുഖ്യമന്ത്രിയോട് തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വനിതാ മതിലിന് വഴിയൊരുങ്ങിയതെന്നും ശ്രീകുമാര്‍ വ്യക്തമാക്കുന്നു.

വനിതാ മതിലില്‍ പങ്കെടുക്കുന്ന പ്രസ്ഥാനങ്ങളേയും നേതൃത്വത്തെയും ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവിന്റെ സമീപം പദവിക്ക് യോജിച്ചതെല്ലെന്നും ശ്രീകുമാര്‍ വ്യക്തമാക്കുന്നു. വനിതാ മതിലില്‍ വന്‍തോതില്‍ സ്ത്രീകളെ അണിനിരത്താന്‍ കെപിഎംഎസ് തീരുമാനിച്ചതായും അദ്ദേഹം അറിയിക്കുന്നു.

വിശദാംശങ്ങള്‍ ഇങ്ങനെ..

Advertisements

വനിതാമതിലിനെ വര്‍ഗ്ഗീയ മതില്‍ എന്ന് ആക്ഷേപിച്ച് പ്രതിരോധിക്കാന് ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ശ്രീകുമാര്‍ പ്രതികരിക്കുന്നത്. ചെന്നിത്തല എന്‍എസ്എസിന്റെ ബ്രാന്‍ഡ് അംബാസിഡറായി ചുരുങ്ങി.

മറ്റു സമുദായ സംഘടനകളെ എടുക്കാച്ചരക്കുകകള്‍ എന്ന് വിശേഷിപ്പിച്ചതിലൂടെ വനിതാ മതിലില്‍ പങ്കെടുക്കാത്ത എന്‍എസ്എസിനെ മഹത്വല്‍ക്കരിക്കാനാണ് അദ്ദേഹം ശമിക്കുന്നതെന്നും എറണാകുളത്ത് കെപിഎംസ് സംസ്ഥാന നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീകുമാര്‍ പറഞ്ഞു.

നാടിന്റെ പൊതുതാത്പര്യത്തിന് വേണ്ടി വിഭാഗീയ ചിന്താഗതികള്‍ക്ക് അതീതമായി ജനങ്ങലെ അണിനിരത്തുന്ന ഒന്നായി വനിതാമതില്‍ മാറുകയാണ്. നവോത്ഥാന പ്രസ്ഥാന നേതാക്കളായി ഹിന്ദക്കള്‍ മാത്രമേയുള്ളോ എന്ന ചോദ്യം ചരിത്രത്തെ വെല്ലുവിളിക്കലാണ്.

എല്ലാ മതങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും അതില്‍ പങ്കുണ്ട്. നവോത്ഥാന സമൂഹങ്ങളെ ഏകോപിപ്പിക്കാനുള്ള ശ്രമമാണ് വനിതാമതിലിലൂടെ നടത്തുന്നത്. അതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വനിതാമതില്‍ വമ്പിച്ച വിജയമാവുക തന്നെ ചെയ്യും. വനിതാ മതിലില്‍ കെപിഎംഎസ് മാത്രം അഞ്ചു ലക്ഷം പേരെ അണിനിരത്താന്‍ സമ്മേളനം തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാറിന്റെ നവോത്ഥാന മൂല്യ സംരക്ഷണ സമിതി കണ്‍വീനര്‍ കൂടിയാണ് പുന്നല ശ്രീകുമാര്‍.

190 സംഘടനകളെ സര്‍ക്കാര്‍ കത്തയച്ച് വിളിച്ചിരുന്നു. അതില്‍ 174 സംഘടനകളാണ് ആലോചനയോഗത്തില്‍ പങ്കെടുത്തത്. എന്‍എസ്എസും യോഗക്ഷേമസഭയും പങ്കെടുത്തില്ല. മന്നത്ത് പത്മനാഭന്റെയും വിടി ഭട്ടതിരിപ്പാടിന്റെയും പിന്‍തലമുറക്കാര്‍ എന്നവകാശപ്പെടുന്നവര്‍ പിന്നോട്ടുപോകുമ്പോള്‍ കെപിഎംസ് നവോത്ഥാനത്തിന് ഒപ്പമാണ്.

ജനാധിപത്യവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍ മാത്രമേ വികസനം സാധ്യമാക്കാന്‍ കഴിയൂ. അതുകൊണ്ടു തന്നെ വനിതാ മതില്‍ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാറിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *