KOYILANDY DIARY

The Perfect News Portal

ലോ അക്കാദമി പ്രശ്‌നം പരഹരിക്കാൻ സി.പി.ഐ.എം. ഇടപെടുന്നു

തിരുവനന്തപുരം: ലോ അക്കാദമിയിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സിപിഎം ഇടപെടുന്നു. അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരെ എകെജി സെന്ററിലേക്ക് വിളിപ്പിച്ച്‌ സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തി. നാരായണന്‍ നായരുടെ സഹോദരനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായര്‍, നാഗരാജന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും പാര്‍ട്ടിയുടെ തീരുമാനം തന്റെയും തീരുമാനമാണെന്നും ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവന്ന കോലിയക്കോട് കൃഷ്ണന്‍ നായര്‍ പ്രതികരിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച്‌ പ്രതികരിക്കാന്‍ നാരായണന്‍ നായരോ നാഗരാജനോ തയ്യാറായില്ല. നാല്പത്തിയഞ്ചു മിനിറ്റ് നീണ്ടു നിന്ന ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങള്‍ ഉണ്ടായതായി വിവരമില്ല.

അക്കാദമിയില്‍ തെളിവെടുപ്പ് നടത്തിയ സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്മി നായരെ അഞ്ചുവര്‍ഷക്കാലത്തേക്ക് പരീക്ഷ ചുമതലകളില്‍ നിന്ന് വിലക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറായിരുന്നില്ല. പ്രിന്‍സിപ്പാളിനെ മാറ്റണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ സിപിഎം നേരിട്ട് ഇടപെട്ടത്.

Advertisements

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ പ്രമേയം വോട്ടെടുപ്പിലൂടെയാണ് പാസാക്കിയത്. അഫിലിയേഷന്‍ പിന്‍വലിക്കുന്നതിലും പ്രിന്‍സിപ്പലിനെ മാറ്റുന്നതിലും സിപിഎം അംഗങ്ങള്‍ വിരുദ്ധനിലപാട് സ്വീകരിച്ചിരുന്നു. പ്രിന്‍സിപ്പലിനെ മാറ്റുക, അഫിലിയേഷന്‍ പിന്‍വലിക്കുക തുടങ്ങിയവയായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യം. കോളേജിന്റെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആറ് കോണ്‍ഗ്രസ് അംഗങ്ങളോടൊപ്പം സിപിഐ അംഗം മുന്‍ എംഎല്‍എ ആര്‍ ലതാദേവിയും നിലകൊണ്ടു.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്‌ എസ്‌എഫ്.ഐ ഉള്‍പ്പെടെ വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ 19 ദിവസമായി സമരം നടത്തുന്നു. എന്നാല്‍ പ്രിന്‍സിപ്പലിനെ മാറ്റുന്നത് ഒഴികെയുള്ള തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നാണ് അക്കാദമിയുടെ നിലപാട്. ലക്ഷ്മി നായരുടെ അച്ഛനാണ് ഡയറക്ടറായ നാരായണന്‍ നായര്‍.

Leave a Reply

Your email address will not be published. Required fields are marked *