KOYILANDY DIARY

The Perfect News Portal

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ പൂര്‍ണമായ ആത്‌മവിശ്വാസത്തോടെയാണ്‌ നേരിടുന്നത്: കോടിയേരി ബാലകൃഷ്‌ണന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനെ പൂര്‍ണമായ ആത്‌മവിശ്വാസത്തോടെയാണ്‌ നേരിടുന്നതെന്നും മികച്ച സ്‌ഥാനാര്‍ത്ഥികളെയാണ്‌ എല്‍ഡിഎഫ്‌ പ്രഖ്യാപിച്ചിട്ടുള്ളതെന്നും സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. 18 മണ്‌ഡലങ്ങളിലെ സിപിഐ എം സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു കോടിയേരി.

2004ല്‍ യുഡിഎഫിന്‌ കേരളത്തില്‍നിന്ന്‌ ഒരു സീറ്റ്‌ പോലും ഉണ്ടായിരുന്നില്ല. അന്ന്‌ 18 സീറ്റ്‌ നേടിയാണ്‌ എല്‍ഡിഎഫ്‌ വിജയിച്ചത്‌. ആ വിജയമാണ്‌ കേന്ദ്രത്തില്‍ ഒരു മതനിരപേക്ഷ സര്‍ക്കാരിനെ ഭരണത്തിലേറ്റിയത്‌. മോഡി സര്‍ക്കാരിനെ മാറ്റി ഒരു മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെങ്കില്‍ ഇടതുപക്ഷം കൂടുതല്‍ സീറ്റ്‌ നേടണമെന്നും കോടിയേരി പറഞ്ഞു. എംഎല്‍എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്‌ ആദ്യത്തെ സംഭവമല്ല. 2009ല്‍ യുഡിഎഫിന്റെ നാല്‌ എംഎല്‍എമാര്‍ മല്‍സരിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ദ്ധിപ്പിക്കാനുണ്ട്‌. അതിന്‌ യോജിക്കുന്ന സ്‌ഥാനാര്‍ത്ഥികളെയാണ്‌ തീരുമാനിച്ചത്‌. എല്‍ഡിഎഫ്‌ യോഗം ഇന്നലെ ഈ പാനല്‍ അംഗീകരിച്ചതോടെ സ്‌ഥാനാര്‍ത്ഥികള്‍ ഏതെങ്കിലും പാര്‍ടിയുടേത്‌ മാത്രമല്ല മൊത്തം എല്‍ഡിഎഫിന്റെ സ്‌ഥാനാര്‍ത്ഥികള്‍ ആയിമാറി. ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന്‌ പൂര്‍ണ വിശ്വാസമുണ്ട്‌.

ഒരു കേസില്‍ രണ്ടുവര്‍ഷത്തേക്ക്‌ ശിക്ഷിക്കപ്പെട്ടാല്‍ മാത്രമെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാകൂ. കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നത്‌ മല്‍സരിക്കുന്നതിന്‌ തടസ്സമല്ല. അക്രമ രാഷ്‌ട്രീയത്തിന്റെ ഇരയാണ്‌ പി ജയരാജന്‍. പി ജയരാജനെ വീട്ടില്‍ നില്‍ക്കുമ്ബോഴാണ്‌ ‌ ആര്‍എസ്‌എസുകാര്‍ അക്രമിച്ച്‌ കൈ വെട്ടിമാറ്റിയത്‌. അക്രമ രാഷ്‌ട്രീയത്തിനെതിരെ നിലകൊള്ളുന്നവര്‍ പി ജയരാജന്‌ വോട്ട്‌ ചെയ്യണം. കണ്ണൂരില്‍ സ്‌ഥിരം സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതൊക്കെ പാര്‍ടി അതാത്‌ സമയങ്ങളില്‍ ചെയ്യും.

Advertisements

ഉറച്ച മണ്‌ഡലങ്ങളിലാണ്‌ ഇത്തവണ രണ്ട്‌ വനിതാ സ്‌ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളത്‌. പി കരുണാകരന്‍ മൂന്ന്‌ തവണ എം പിയായിട്ടുള്ള ആളാണ്‌. അദ്ദേഹത്തെ സംഘടനാ പ്രവര്‍ത്തനത്തിന്‌ ആവശ്യമുണ്ട്‌. അതിനാല്‍ മല്‍സരിക്കുന്നില്ല. ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാര്‍ത്ഥിയാണ്‌ വി പി സാനു. കോട്ടപിടിക്കാന്‍ നല്ലത് ചെറുപ്പക്കാരാണ്‌. പണ്ട്‌ എസ്‌എഫ്‌ഐ നേതാവായിരിക്കുമ്ബോള്‍ ആണ്‌ കോട്ടയത്ത്‌ സുരേഷ്‌കുറുപ്പ്‌ അട്ടിമറി ജയം നേടിയിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *