ലൈഫ് പദ്ധതി: 500 വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

പറവൂര്‍: വടക്കേക്കര പഞ്ചായത്തില്‍ റീബില്‍ഡ് കേരള, ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 500 വീടുകളുടെ താക്കോല്ദാനപരിപാടി – ‘സമര്‍പ്പണം 2019’ ഞായറാഴ്ച പകല്‍ 2.30ന് മൂത്തകുന്നം ക്ഷേത്രമൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് ഐഎസ്ഒ സര്ട്ടിഫിക്കേഷന് പ്രഖ്യാപനം ഹൈബി ഈഡന് എംപി നിര്‍വഹിക്കും. കുടുംബശ്രീ അംഗങ്ങളായ പ്രളയബാധിതര്‍ക്ക് ആര്‍കെഎല്‍എസ് പദ്ധതിയിലൂടെ 42 കോടി രൂപ വിതരണം ചെയ്ത് ജില്ലയില്‍ ഒന്നാമതെത്തിയ കുടുംബശ്രീ സിഡിഎസിനെ കലക്ടര്‍ എസ് സുഹാസും ആര്‍കെഎല്‍എസ് പദ്ധതിക്കായി പണം അനുവദിച്ച ബാങ്കുകളെ എസ് ശര്‍മ എംഎല്‍എയും ആദരിക്കും.
പദ്ധതിയുടെ ഭാഗമായി 555 വീടുകളാണ് പഞ്ചായത്തിലാകെ അനുവദിച്ചത്. 2018—19ലെ പദ്ധതിനിര്‍വഹണത്തില്‍ 3.41 കോടി രൂപ ചെലവ് ചെയ്ത് ജില്ലയില്‍ മുന്നിലെത്തിയ പഞ്ചായത്തില്‍ ജനക്ഷേമകരമായ വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാകുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പ്രസിഡന്റ് കെ എം അംബ്രോസ്, വൈസ് പ്രസിഡന്റ് കെ യു ജിഷ, സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍മാരായ മേഴ്സി സനല്‍കുമാര്‍, പി വിജയകുമാരി എന്നിവര്‍ പറഞ്ഞു.

