KOYILANDY DIARY.COM

The Perfect News Portal

രാഷ്ട്രീയത്തിന് അതീതമായി നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കണം: വെള്ളാപ്പള്ളി

വടകര: എല്ലാറ്റിലും രാഷ്ട്രീയം കാണുന്നത് നാടിന്റെ മുന്നോട്ടുള്ള പുരോഗതിക്ക് നല്ലതല്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അത് നാടിന് ഒരു നന്മയും ഉണ്ടാക്കില്ല. രാഷ്ട്രീയത്തിന് അതീതമായി നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കണം. അങ്ങിനെ ഒന്നായി നിന്ന് നാടിനെ നന്നാക്കണം. വടകര എസ്.എന്‍.ഡി.പി. യൂണിയന്‍ ഓഫീസ്, യൂണിയന്‍ ഡെവലപ്‌മെന്റ് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി ഓഫീസ്, ഗുരുമണ്ഡപം എന്നിവ ഉള്‍പ്പെടുന്ന കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒട്ടേറെ പോരാട്ടങ്ങളിലൂടെയാണ് കേരളത്തില്‍ നവോത്ഥാനം കൊണ്ടുവന്നത്. എന്നാല്‍ കുറേക്കാലം കഴിഞ്ഞപ്പോള്‍ മൂല്യങ്ങള്‍ പലതും തകര്‍ക്കപ്പെട്ടു. ഇതുകൊണ്ടാണ് സര്‍ക്കാര്‍ നവോത്ഥാനമൂല്യ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയത്. ജാതി പറയുന്നത് മറ്റുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആകരുത്, പകരം നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാനാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യൂണിയന്‍ ചെയര്‍മാന്‍ പി.എം. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. എം.എം. ദാമോദരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഗുരുമണ്ഡപസമര്‍പ്പണം പ്രീതി നടേശന്‍ നിര്‍വഹിച്ചു. പ്രാര്‍ഥനാഹാള്‍ ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ കണ്‍വീനര്‍ പി.എം. രവീന്ദ്രന്‍, ദാസന്‍ പറമ്ബത്ത്, ഗിരി പാമ്പനാല്‍, കെ.ടി. ഹരിമോഹന്‍, കല്ലാമല വിജയന്‍, രജീഷ് മുള്ളമ്ബത്ത്, പി.കെ. റഷീദ്, എം. പുഷ്പലത, പി.പി. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. വടകര കേരളക്വയര്‍ തിയേറ്ററിനു സമീപമാണ് മൂന്നുനിലയില്‍ ഒരുകോടിയോളം രൂപ ചെലവഴിച്ച്‌ കെട്ടിടം നിര്‍മിച്ചത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *