KOYILANDY DIARY

The Perfect News Portal

രാജ്യത്തെ കറന്‍സിരഹിത പണം ഇടപാട് സംവിധാനം റിലയന്‍സിന് തീറെഴുതാന്‍ ഗൂഢനീക്കം നടന്നു

ന്യൂഡല്‍ഹി >  നോട്ടു പിന്‍വലിക്കലിന്റെ മറവില്‍ രാജ്യത്തെ കറന്‍സിരഹിത പണം ഇടപാട് സംവിധാനം റിലയന്‍സിന് തീറെഴുതാന്‍ ഗൂഢനീക്കം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതിന്റെ മൂന്നാംനാളില്‍ റിലയന്‍സിന്റെ ജിയോ പേമെന്റ്സ് ബാങ്കും ജിയോ മണിയും ആരംഭിച്ചത് ഇതിനു തെളിവാണ്. കറന്‍സി റദ്ദാക്കല്‍ വിവരം റിലയന്‍സിനു ചോര്‍ന്നുകിട്ടിയതിനെ തുടര്‍ന്നാണ്  ഇത്ര പെട്ടെന്ന് ഈ സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞതെന്നാണ് സൂചന.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെയും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയുടെയും സംയുക്തസംരംഭമായ ജിയോ പേമെന്റ്സ് ബാങ്ക് നിലവില്‍വന്നത് നവംബര്‍ പത്തിനാണ്. ജിയോ മൊബൈല്‍ വരിക്കാര്‍ക്ക് എസ്ബിഐയുടെ വിപുലമായ ശൃംഖല  ഉപയോഗിച്ച് ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ജിയോ പേമെന്റ്സ് ബാങ്ക്. റിലയന്‍സ് ജിയോയുടെ പ്രീപെയ്ഡ് വാലറ്റ് സംവിധാനമായ ജിയോ മണിയും ഇതോടൊപ്പം രംഗത്തെത്തി.

കമ്പനി രജിസ്ട്രാര്‍ ഓഫീസ് രേഖകള്‍പ്രകാരം ജിയോ പേമെന്റ്സ് ബാങ്കിന്റെ ഏഴംഗ ഡയറക്ടര്‍ ബോര്‍ഡില്‍ എസ്ബിഐ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ മഞ്ജു അഗര്‍വാളും അംഗമാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ എസ്ബിഐ പ്രതിനിധിക്ക് ജിയോ പേമെന്റ്സിന്റെ ഡയറക്ടര്‍ബോര്‍ഡ് അംഗമാകാന്‍ കഴിയില്ല. കൃത്യമായി ആസൂത്രണം ചെയ്താണ് ജിയോ പേമെന്റ്സ് ബാങ്ക് വിപണി പിടിക്കാന്‍ അനുയോജ്യമായ സമയത്ത് രംഗപ്രവേശം ചെയ്തത്.

Advertisements

2015 സെപ്തംബറിലാണ് റിസര്‍വ് ബാങ്ക് രാജ്യത്ത് പേമെന്റ്സ് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയത്. 11 അപേക്ഷകര്‍ക്ക് റിസര്‍വ് ബാങ്ക് പേമെന്റ്സ് ബാങ്കുകള്‍ തുടങ്ങാന്‍ തത്വത്തില്‍ അനുമതി നല്‍കിയെങ്കിലും കോര്‍പറേറ്റ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ മടിച്ചു. ഇടപാടുകാരില്‍നിന്ന് ഒരുലക്ഷം രൂപവരെ നിക്ഷേപം സ്വീകരിക്കാന്‍ അധികാരമുള്ള ബാങ്കുകളാണ് പേമെന്റ്സ് ബാങ്കുകള്‍. ഇവയ്ക്ക് വായ്പ നല്‍കാന്‍ അധികാരമില്ല. അതേസമയം, കറന്‍സിരഹിത സമ്പദ്ഘടനയുടെ ഗുണഭോക്താക്കളാകാന്‍ പേമെന്റ്സ് ബാങ്കുകള്‍ക്കും ജിയോ മണിക്കും കഴിയും. പൊതുമേഖലാ ബാങ്കിന്റെ ചെലവില്‍ റിലയന്‍സിന് ഇതിനുള്ള സൌകര്യം ചെയ്തുകൊടുക്കുകയാണ്. റിലയന്‍സ് ജിയോ സിം കാര്‍ഡുകള്‍ സൌജന്യമായി നല്‍കിയതുതന്നെ കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നെന്ന ആരോപണം നിലവിലുണ്ട്. ജിയോ മൊബൈല്‍ വരിക്കാര്‍ക്കുള്ള സൌജന്യങ്ങള്‍ അടുത്തവര്‍ഷം മാര്‍ച്ചുവരെ നീട്ടുകയും ചെയ്തു.

ജിയോ മണി ശൃംഖലയില്‍ ഒരുകോടി വ്യാപാരികളെ ഉള്‍പ്പെടുത്തുമെന്നാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. നോട്ട് അസാധുവാക്കല്‍ കള്ളപ്പണക്കാരെ കുടുക്കാന്‍വേണ്ടിയാണെന്നാണ് പ്രധാനമന്ത്രി ആദ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് കറന്‍സിക്ഷാമമായി. ഇത് മറികടക്കാന്‍ കറന്‍സിരഹിത സമ്പദ്ഘടന വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പേടിഎം ഇലക്ട്രോണിക് വാലറ്റിന്റെ പരസ്യത്തില്‍ പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടു. മൊബൈല്‍, വാലറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പെട്രോള്‍ പമ്പുകളില്‍ പണം നല്‍കണമെന്ന സന്ദേശവുമായി കഴിഞ്ഞദിവസം പെട്രോളിയം മന്ത്രാലയം വീണ്ടും പരസ്യം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *