KOYILANDY DIARY

The Perfect News Portal

മെഡിക്കല്‍ കോളേജിലെ പി.ജി. ഡോക്ടര്‍മാര്‍ സമരം തുടങ്ങി

കോഴിക്കോട്: നിര്‍ബന്ധിത സേവനകാലാവധി മൂന്നുവര്‍ഷമാക്കിയതില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പി.ജി. ഡോക്ടര്‍മാര്‍ സമരം തുടങ്ങി.  സംസ്ഥാനമൊട്ടാകെ നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമരം നടക്കുന്നത്. കേരള ഗവ. മെഡിക്കല്‍ പി.ജി. അസോസിയേഷന്‍, കേരള ഹൗസ് സര്‍ജന്‍സി അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും പങ്കെടുത്തു. വിദ്യാര്‍ഥികള്‍ പ്രതിഷേധമാര്‍ച്ചും നടത്തി.

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലും നിര്‍ബന്ധിത സേവനകാലാവധി പിന്‍വലിക്കാനാവില്ലെന്ന് അറിയിച്ചിരുന്നു. പി.ജി. വിദ്യാര്‍ഥികള്‍ക്ക് മൂന്നുവര്‍ഷം നിര്‍ബന്ധിത സേവനകാലാവധിയെന്നത് ഒരുവര്‍ഷമായി കുറയ്ക്കാമെന്ന് ഉറപ്പുനല്‍കി. എന്നാല്‍, സൂപ്പര്‍സ്പെഷ്യാലിറ്റി കഴിഞ്ഞുള്ള മൂന്നുവര്‍ഷത്തെ നിര്‍ബന്ധിത സേവനകാലാവധി നിലനില്‍ക്കും. ഇതില്‍ പ്രതിഷേധിച്ചാണ് സമരം തുടരാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്.

പഠനകാലത്ത് മതിയായ ശമ്പളമോ, അവധിയോ പോലുമില്ലാതെ മെഡിക്കല്‍ കോളേജുകളില്‍ ഹൗസ് സര്‍ജ്ജന്മാരും പി.ജി. വിദ്യാര്‍ഥികളും നല്‍കുന്ന സേവനം പരിഗണിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ബുധനാഴ്ച ലേബര്‍റൂം, അത്യാഹിതവിഭാഗം, തീവ്രപരിചരണവിഭാഗം തുടങ്ങിയ അടിയന്തര സേവനങ്ങളെ ഒഴിച്ചുനിര്‍ത്തിയാണ് സമരം നടന്നത്. വ്യാഴാഴ്ച മുതല്‍ അടിയന്തര സേവനങ്ങളില്‍ നിന്നും മാറിനില്‍ക്കുമെന്ന് സമരക്കാര്‍ അറിയിച്ചു. പി.ജി.അസോസിയേഷന്‍ കാലിക്കറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എം. വിഷ്ണു, സെക്രട്ടറി ഡോ. പി. ദീപക്, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ കാലിക്കറ്റ് ചാപ്റ്റര്‍ സെക്രട്ടറി ഡോ. മുബീസ് മുസ്തഫ ബാദുഷ, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഖില്‍ നബുഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *