KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തും. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ഏറ്റെടുത്തേക്കും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂരിലെത്തിയ അദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. പിന്നാലെ ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു. ഇതിനിടെ മന്ത്രിസഭ യോഗങ്ങള്‍ ഓണ്‍ലൈനായി ചേര്‍ന്നിരുന്നു.

മുഖ്യമന്ത്രിയുടെ അഭാവത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കോര്‍ കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നത്. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ നടപ്പാക്കുകയായിരുന്നു. അതേസമയം, കൊവിഡ് നിയന്ത്രണങ്ങളില്‍ ചിലത നടപ്പാക്കുന്നതില്‍ ഏകോപനമില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പല വകുപ്പുകളും സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുന്നത് വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ചില ജില്ലാ ഭരണാധികാരികള്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ചീഫ് സെക്രട്ടറി നേരിട്ട് ഇടപെട്ട് തിരുത്തേണ്ടി വന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല നേരിട്ട് ഏറ്റെടുക്കാന്‍ തിരുവനന്തപുരത്ത് എത്തുന്നത്. അതേസമയം, സംസ്ഥാനങ്ങള്‍ക്കാവശ്യമായ കൊവിഡ് -19 വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ വിതരണനയത്തില്‍ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *