KOYILANDY DIARY

The Perfect News Portal

മദ്യ നയവുമായി ബന്ധപ്പെട്ട് സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എക്‌സൈസ് മന്ത്രി

കോഴിക്കോട്: മദ്യ നയവുമായി ബന്ധപ്പെട്ട് സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ സഭാ നേതൃത്വത്തെ അങ്ങോട്ട് സമീപിക്കുന്ന കാര്യവും ആലോചിക്കും. മദ്യ നയത്തില്‍ ആശങ്കയുണ്ടെന്ന് കാണിച്ച്‌ ഇത് വരെ ആരും സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍ അവരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്.

സഭാ നേതൃത്വവുമായി സര്‍ക്കാരിന് തര്‍ക്കമോ പ്രശ്‌നമോ ഇല്ല. മദ്യ നയത്തില്‍ ചര്‍ച്ചയാവാമെന്ന് പറഞ്ഞിട്ടും അവര്‍ എന്തുകൊണ്ടാണ് സര്‍ക്കാരിനെ സമീപിക്കാത്തതെന്നും മന്ത്രി ചോദിച്ചു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സഭാ നേതൃത്വത്തെ അങ്ങേയറ്റം ആദരവോടെ സമീപിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. മദ്യ നയത്തില്‍ സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല. പൂട്ടിയ മദ്യഷാപ്പുകള്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുറക്കുക മാത്രമേ ചെയ്തിട്ടുള്ളു. പുതുതായി എവിടെയും മദ്യ ഷാപ്പ് തുടങ്ങിയിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുള്ളതിനേക്കാള്‍ മദ്യ ഷാപ്പുകള്‍ കുറവാണിപ്പോള്‍.മദ്യ നയത്തെക്കുറിച്ച്‌ യുഡിഎഫ് പുറത്തു പറയുന്ന ആരോപണങ്ങളൊന്നും നിയമസഭിയില്‍ പറഞ്ഞിട്ടില്ല.

Advertisements

കഴിഞ്ഞ സര്‍ക്കാരിന്റെ നയം മദ്യ നിരോധനമായിരുന്നെങ്കില്‍ ഈ സര്‍ക്കാരിന്റേത് മദ്യവര്‍ജനമാണ്. മദ്യവര്‍ജനക്കാര്യത്തില്‍ ആത്മാര്‍ഥതക്കുറവില്ല. വിമുക്തി പദ്ധതി നടത്തിപ്പില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ പരിശോധിക്കും. സംസ്ഥാനത്ത് പത്ത് ഡീ അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ നടപടിയായിട്ടുണ്ട്. അതിന്റെ മോഡല്‍ സെന്റര്‍ കോഴിക്കോട് കിനാലൂരില്‍ ആരംഭിക്കും.

ഒരു തരത്തിലുള്ള ഭൂമി കൈയേറ്റവും അനുവദിക്കില്ല. എന്നാല്‍, ഉദ്യോഗസ്ഥര്‍ എല്ലാവരും സര്‍ക്കാര്‍ നയമനുസരിച്ച്‌ പാകപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മയക്കു മരുന്ന് കേസുകള്‍ കൂടിയിട്ടുണ്ട്. അത് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ജാഗ്രത കൊണ്ടാണ്. മുമ്ബ് നാലു വര്‍ഷക്കാലം ഒരു പുകയില കേസും പിടിച്ചില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ കോഴിക്കോട് ജില്ലയിലെ പലഭാഗത്തും നടക്കുന്ന അക്രമങ്ങളെ കുറിച്ച്‌ പരിശോധിക്കും.

തദ്ദേശീയര്‍ക്ക് ജോലി ലഭിക്കില്ലെന്ന കാര്യം പറഞ്ഞുള്ള അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. തദ്ദേശീയ തൊഴിലാളികള്‍ക്കുള്ള എല്ലാ അവകാശങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമുണ്ട്. എല്ലാവര്‍ക്കും ജോലി ലഭിക്കാനുള്ള സാഹചര്യമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള രജിസ്‌ട്രേഷനും മറ്റു പദ്ധതികളും പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *