KOYILANDY DIARY

The Perfect News Portal

മദ്യത്തിനെതിരെ പൊതുസ്ഥലത്ത് ഉപവസിച്ചതിന് പോലീസ് കേസ് എടുത്തു

കൊയിലാണ്ടി: മന്മഥൻ സ്മരണയിൽ മെയ് ഒന്നിന്  കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മുചുകുന്നിൽ പൊതുസ്ഥലത്ത് ഉപവസിച്ചു. സംഭവത്തിൽ കൊയിലാണ്ടി പോലീസ് സത്യാഗ്രഹ വേദിയിലെത്തി കേസെടുത്തു. അനധികൃത മദ്യ-ലഹരി വ്യാപനത്തിനെതിരെ തദ്ദേശഭരണ തലങ്ങളിൽ സ്റ്റാറ്റ്യട്ടറി അധികാരമുള്ള കമ്മിറ്റികൾ രൂപീകരിക്കണമെന്നും ലോക് ഡൗൺ കഴിഞ്ഞാലും അടച്ചിട്ട അബ്കാരി സ്ഥാപനങ്ങൾ തുറക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഉപവാസം. പോലീസ് നടപടി ആവശ്യമായി വന്ന ലോക്ഡൗൻ കാലത്തെ സംസ്ഥാനത്തെ ആദ്യ മദ്യവിരുദ്ധ സമരമാണിത്.
കാലത്ത് 8 മണി മുതൽ വൈകീട്ട് 6 മണി വരെയുള്ള ഉപവാസം കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ  ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഓൺലൈനിൽ ഉദ്ഘാടനംചെയ്തു. ഇയ്യച്ചേരിയെ അഭിവാദ്യം ചെയ്തും – അടച്ചിട്ട മദ്യഷാപ്പുകൾ തുറക്കാനുള്ള നീക്കത്തിൽ സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ടും വി.എം സുധീരൻ, ഡോ. ഹുസൈൻ മടവുർ എന്നിവർ പ്രധാന പ്രസംഗം നടത്തി. കേരള മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷൻ ഫാദർ വർഗീസ് മുഴുത്തേറ്റ് അനുഗ്രഹങ്ങൾ അർപ്പിച്ചു. കൊളത്തൂർ അദ്വൈതാശ്രമാധിപതി സ്വാമി ചിദാനന്ദപുരി വ്രതാനന്ദ പ്രഭാഷണം നിർവ്വഹിച്ചു. 
ഡോ. വിൻസെന്റ് മാളിയേക്കൽ, ഡോ. ആർസു, ഡോ. ജോസ് മാത്യു, ഡോ. യൂസഫ് മുഹമ്മദ് നദവി, പപ്പൻ കന്നാട്ടി, സി. ചന്തുക്കുട്ടി, വി.കെ. ദാമോദരൻ, വേലായുധൻ കീഴരിയൂർ, കെ.എം. സുരേഷ്ബാബു, തുടങ്ങി സംസ്ഥാനത്തെ ഒട്ടേറെ മദ്യവിരുദ്ധ പ്രവർത്തകരും ആശംസകൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *