KOYILANDY DIARY

The Perfect News Portal

മംഗളൂരുവിലേക്കുള്ള മെമു സര്‍വീസ് തുടങ്ങി

കണ്ണൂര്‍: കാത്തിരിപ്പിനൊടുവില്‍ മംഗളൂരുവിലേക്കുള്ള മെമു (മെയിന്‍ ലൈന്‍ ഇലക്‌ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) സര്‍വീസ് തുടങ്ങി. കണ്ണൂരില്‍ ഉത്സവാന്തരീക്ഷത്തിലാണ് മെമു പ്രയാണം ആരംഭിച്ചത്. റിപ്പബ്ലിക്‌ ദിനത്തില്‍ രാവിലെ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍, ബി.ജെ.പി പ്രവര്‍ത്തകര്‍ എന്നിവര്‍ കണ്ണുരില്‍ നിന്നും പുറപ്പെടുന്ന മെമു ട്രെയിന്‍ സര്‍വീസിന് യാത്രാ മംഗളം നേര്‍ന്നു. പഴയ മംഗളൂരു പാസഞ്ചറിനു പകരമാണ് മെമു ഓടിക്കുന്നത്. ഇതിനായി ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍ നിന്ന് അത്യാധുനിക മെമു റേക്കുകള്‍ പാലക്കാട് വഴി കണ്ണൂരില്‍ എത്തിച്ചിരുന്നു. നിലവില്‍ കണ്ണൂര്‍ മംഗളൂരു ട്രെയിന്‍ സര്‍വീസ് നടത്തുന്നതുപോലെ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷലായാണ് മെമുവും സര്‍വീസ് നടത്തുക. കണ്ണൂരിനും മംഗളൂരുവിനും ഇടയിലുള്ള മെമു സര്‍വീസ് കൂടുതല്‍ ട്രെയിനുകള്‍ മെമു റേക്കിലേക്കു മാറുന്നതിനു വഴിയൊരുക്കും.

3 ഫെയ്‌സ് മെമു റേക്കുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം ഡിവിഷനില്‍ പാലക്കാട് മാത്രമാണ് നിലവിലുള്ളത്. അതുകൊണ്ടു തന്നെ ആഴ്ചയില്‍ ഒരിക്കല്‍ റേക്കുകള്‍ പാലക്കാട്ടെ മെമു കാര്‍ ഷെഡില്‍ എത്തിച്ച്‌ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. പാലക്കാട്ടേക്കുള്ള ഈ ഓട്ടം മറ്റൊരു ട്രെയിന്‍ സര്‍വീസായി മാറ്റാനാണ് റെയില്‍വേ ആലോചിക്കുന്നത്. രാവിലെ 5.45ന് കണ്ണൂരില്‍ നിന്നു പുറപ്പെട്ടിരുന്ന കോയമ്ബത്തൂര്‍ പാസഞ്ചറിൻ്റെ സമയത്ത് അണ്‍റിസര്‍വ്ഡ് സ്‌പെഷല്‍ എക്‌സ്പ്രസായി മെമു ഓടിച്ചാല്‍ റേക്കുകള്‍ പാലക്കാട്ട് എത്തിച്ച്‌ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിക്കും. ഇതിനായി മറ്റൊരു മെമു റേക്ക് കൂടി ഒരാഴ്ചയ്ക്കകം പാലക്കാട്ട് എത്തുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. നേരത്തേ പാസഞ്ചറുകള്‍ സര്‍വീസ് നടത്തിയിരുന്ന സമയങ്ങളിലെല്ലാം ഭാവിയില്‍ മെമു റേക്കുകള്‍ ഉപയോഗിച്ചായിരിക്കും സര്‍വീസ് നടത്തുക. മെമു റേക്കുകള്‍ എത്തുന്നതോടെ സര്‍വീസുകളുടെ എണ്ണം ആവശ്യമെങ്കില്‍ വര്‍ധിപ്പിക്കാനും സാധിക്കും.

സാധാരണ ട്രെയിനുകളില്‍ ഒരേസമയം രണ്ടു ലോക്കോ പൈലറ്റുമാര്‍ വേണമെന്നിരിക്കെ മെമുവില്‍ ഒരു ലോക്കോ പൈലറ്റ് മാത്രം മതി. മംഗളൂരുപോലുള്ള തിരക്കേറിയ സ്റ്റേഷനുകളില്‍ ഷണ്ടിങ്ങിനായി ഒരു റെയില്‍വേ ലൈന്‍ ഉപയോഗിക്കേണ്ടി വരുന്നതും ഒഴിവാക്കാം. ഓട്ടം തുടങ്ങിയാല്‍ പെട്ടന്നുതന്നെ വേഗം കൂട്ടാനും കുറയ്ക്കാനും നിര്‍ത്താനും സാധിക്കുമെന്നതും നേട്ടമാണ്. റീജെനറേറ്റീവ് ബ്രേക്കിങ് സിസ്റ്റമായതിനാല്‍ ഊര്‍ജ ഉപയോഗവും പരിമിതമാണ്. സാധാരണ കോച്ചുകളില്‍ 105 പേര്‍ക്ക് വീതമാണ് ഇരുന്നു യാത്ര ചെയ്യാന്‍ സാധിക്കുന്നത്. 12 കോച്ചുകളിലായി 1260 പേര്‍ക്ക് ഇരിക്കാം. പഴയ കോച്ചുകളില്‍ വായുസഞ്ചാരം കുറവായതിനാല്‍ കൂടുതല്‍പ്പേര്‍ക്ക് നിന്നു യാത്ര ചെയ്യാന്‍ പ്രയാസമാണ്. 3 ഫേസ് മെമു കോച്ചുകളില്‍ ആയിരത്തോളം പേര്‍ക്ക് ഇരുന്നും രണ്ടായിരത്തി അറുന്നൂറോളം പേര്‍ക്ക് നിന്നും യാത്ര ചെയ്യാന്‍ സാധിക്കും. മൂവായിരത്തി അറുന്നൂറോളം പേര്‍ക്ക് സുഖമായി ഒരേ സമയം സഞ്ചരിക്കാമെന്നത് ട്രെയിന്‍ സര്‍വീസുകള്‍ കുറവുള്ള കണ്ണൂര്‍-മംഗളൂരു പാതയില്‍ വലിയ അനുഗ്രഹമാകും.

Advertisements

കൂടുതല്‍ സുരക്ഷ, കോച്ചുകളില്‍ സിസിടിവി സംവിധാനം, എല്‍ഇഡി ലൈറ്റുകള്‍, മെട്രോ ട്രെയിനുകളില്‍ എന്നപോലെ സ്റ്റേഷനുകളുടെ വിവരങ്ങള്‍ എഴുതിക്കാണിക്കാനുള്ള ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍, ചാരി ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യം എന്നിവ യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കും.

Leave a Reply

Your email address will not be published. Required fields are marked *