KOYILANDY DIARY

The Perfect News Portal

ഭൂരഹിതരെ സഹായിക്കാൻ ഭൂമിയോ ഭൂമിയുടെ വിലയോ സംഭാവന നൽകാം

തിരുവനന്തപുരം: ഭൂരഹിതരെ സഹായിക്കാൻ ഭൂമിയോ ഭൂമിയുടെ വിലയോ സംഭാവന നൽകാം. ‘ഭവനരഹിതരില്ലാത്ത കേരളം’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്ന് എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പായിരുന്നു. അതിനായി ആരംഭിച്ച ലൈഫ് മിഷൻ പദ്ധതി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വീട് നൽകി ലോകത്തിന് മുന്നിൽ കേരളത്തിൻ്റെ യശസ്സ് ഉയർത്തി. ആദ്യ രണ്ടു ഘട്ടങ്ങൾ പിന്നിട്ട് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസമാണ് ലൈഫ് മിഷൻ ലക്ഷ്യമിട്ടിട്ടുള്ളത്. 2021-22 മുതലുള്ള 3 വർഷങ്ങൾ കൊണ്ട് ഏകദേശം 2.5 ലക്ഷം ഭൂരഹിതർക്ക് സ്ഥലം ലഭ്യമാക്കാനാണ് തീരുമാനം. എന്നാൽ ആ ലക്ഷ്യം നേടാൻ സർക്കാർ സംവിധാനത്തിലൂടെ മാത്രമായി സാധ്യമല്ല. പൊതു സമൂഹത്തിൻ്റെ പങ്കാളിത്തം അനിവാര്യമാണ്. അത് ഉറപ്പാക്കാനായി “മനസ്സോടിത്തിരി മണ്ണ്” എന്ന പേരിൽ വിപുലമായ ഒരു ക്യാമ്പയിൻ ആരംഭിക്കുകയാണ്. ഭൂമിയോ ഭൂമിയുടെ വിലയോ സംഭാവനയായി ഭൂരഹിതരായ ഗുണഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

1000 ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതിനായി പരമാവധി 2.5 ലക്ഷം രൂപാ വീതം ആകെ 25 കോടി രൂപ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും അമ്പത് സെന്റ് സ്ഥലം ഇക്കാര്യത്തിനായി കൈമാറാൻ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ പ്രവാസിയായ ശ്രീ. സമീർ പി.ബി, പൂങ്കുഴി ഹൗസ്-ഉം സന്നദ്ധരായിട്ടുണ്ട്. ഈ അനുകരണീയ മാതൃകകൾ പിന്തുടർന്ന് ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിൻ വൻ വിജയമാക്കാൻ കേരള സമൂഹം മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു. സുരക്ഷിതവും സൗകര്യപ്രദവുമായ പാർപ്പിടങ്ങൾ എല്ലാവർക്കും ലഭ്യമാക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം. നവകേരളത്തിൻ്റെ അടിത്തറ ശക്തമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *