ഭര്‍ത്താവിനൊപ്പം യാത്രതിരിച്ച യുവതി ട്രെയിനില്‍ നിന്നും കായലില്‍ ചാടി

കുമ്പളം: താലിമാലയും മൊബൈല്‍ഫോണും വീട്ടില്‍ വെച്ച് ഭര്‍ത്താവിനൊപ്പം യാത്രതിരിച്ച യുവതി ട്രെയിനില്‍ നിന്നും കായലില്‍ ചാടി. ഒരു ദിവസത്തെ തെരച്ചിലിനുശേഷം മൃതദേഹം കണ്ടെത്തി. കഴിഞ്ഞദിവസം രാവിലെ കൊല്ലം – എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍നിന്നു കൈതപ്പുഴ കായലില്‍ ചാടിയ ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വാര്‍ഡ് കടവത്തുശേരി വീട്ടില്‍ ചാള്‍സ് ബേബിയുടെ ഭാര്യ എ.ജെ. റോസ് മേരി നീന(28)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ എട്ടേമുക്കാലോടെ ട്രെയിന്‍ അരൂര്‍- കുമ്പളം പാലത്തില്‍ എത്തിയപ്പോഴാണ് റോസ് മേരി കായലിലേക്കു ചാടിയത്. കുമ്ബളം വെസ്റ്റ് ഫിഷ് ലാന്‍ഡിങ് കേന്ദ്രത്തിനു സമീപം ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണു മൃതദേഹം കണ്ടെത്തിയത്. പനങ്ങാട് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററാണു റോസ്മേരി. ബാഗ് ട്രെയിനില്‍ വച്ചാണു ചാടിയത്. ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോള്‍ കോച്ചിലുണ്ടായിരുന്ന മറ്റു യാത്രക്കാരാണ് അധികൃതരെ വിവരം അറിയിച്ചത്. തുടര്‍ന്ന് പനങ്ങാട് പോലീസ്, കോസ്റ്റല്‍ പോലീസ്, അഗ്നിശമനസേന എന്നിവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു.

റോസ്മേരിയെ സ്ഥിരമായി റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്നതും തിരികെ വിളിച്ചുകൊണ്ടുപോകുന്നതും ചാള്‍സ് ആണ്. കഴിഞ്ഞദിവസവും ചാള്‍സ് തന്നെയാണു സ്റ്റേഷനില്‍ കൊണ്ടുവിട്ടത്. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായ ചാള്‍സ് തിരികെയെത്തിയപ്പോഴാണ് റോസ്മേരിയുടെ താലിമാലയും മൊബൈല്‍ ഫോണും വീട്ടിലിരിക്കുന്നതു കണ്ടത്.

പിന്നീടു പനങ്ങാട് പോലീസ് സ്റ്റേഷനില്‍ നിന്നു റോസ്മേരിയുടെ ഫോണിലേക്കു വിളിച്ചപ്പോഴാണു കായലില്‍ ചാടിയ വിവരമറിഞ്ഞത്. എറണാകുളം വടക്കേ ചെല്ലാനം സ്വദേശിനിയായ റോസ്മേരി നീനയും ചാള്‍സ് ബേബിയും മൂന്നു വര്‍ഷം മുന്‍പാണു വിവാഹിതരായത്. ഏക മകള്‍: അക്സ (രണ്ടര).
