KOYILANDY DIARY

The Perfect News Portal

ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍/ലൈസന്‍സ് നിര്‍ബന്ധമാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: “നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍/ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍/ലൈസന്‍സ് ലഭ്യമാക്കിയിരിക്കണം. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുന്നതാണ്.

മഴക്കാലം കൂടി മുന്നില്‍ കണ്ട് ഭക്ഷ്യ സുരക്ഷാ പരിശോധന ഏറെ പ്രധാനമാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കാലോചിതമായി ഭക്ഷ്യ സുരക്ഷാ കലണ്ടര്‍ പരിഷ്‌ക്കരിക്കണം. പരാതികള്‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഭക്ഷ്യ സുരക്ഷാ പരിശോധന കുറച്ച് കഴിഞ്ഞ് നിര്‍ത്തുന്ന രീതി ഒരു കാരണവശാലും ഉണ്ടാകരുത്. അതിനായി തുടര്‍ച്ചയായി പരിശോധനകള്‍ നടത്തണം. കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. അടപ്പിച്ച കടകള്‍ തുറക്കുന്നതിന് കൃത്യമായ മാനദണ്ഡമനുസരിച്ചായിരിക്കും നടത്തുക. ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇവ ചട്ടങ്ങള്‍ പാലിച്ച് നടപ്പിലാക്കാന്‍ ശ്രദ്ധിക്കണം. സമയബന്ധിതമായി പരിശോധനാ ഫലങ്ങള്‍ ലഭിക്കാനും നടപടി സ്വീകരിക്കണം. കൃത്യമായ ഇടവേളകളില്‍ ജില്ലാതലത്തില്‍ രണ്ടാഴ്ചയിലൊരിക്കല്‍ വിശകലനം ചെയ്യണം.

Advertisements

അസി. കമ്മീഷണര്‍മാര്‍ ഇത് വിലയിരുത്തണം. ഓരോ മാസവും പരിശോധന സംബന്ധിച്ച് സംസ്ഥാന തലത്തില്‍ വിശകലനം ചെയ്യണം. അവബോധ പരിപാടികളും ശക്തമാക്കണം. തുടര്‍ച്ചയായ പരിശോധനകള്‍ നടത്തണം. എഫ്എസ്എസ്എഐ നിര്‍ദേശിച്ച മാനദണ്ഡമനുസരിച്ച് ഒരു സ്ഥാപനത്തിലെ ഒരാളെങ്കിലും പരിശീലനം നേടിയിരിക്കണം. അവര്‍ മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കണം. എല്ലാ തലത്തിലുള്ള ഭക്ഷ്യ വസ്തുക്കളും പരിശോധിക്കണം. പരിശോധനാ സമയത്ത് അത്യാവശ്യ ഘട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പോലീസ് സുരക്ഷ തേടാവുന്നതാണ്.


ഓപ്പറേഷന്‍ മത്സ്യ വഴി നല്ല രീതിയില്‍ പരിശോധന നടത്തി. ചെക്ക് പോസ്റ്റുകള്‍ വഴി മായം കലര്‍ന്ന മീനിന്റെ വരവ് കുറഞ്ഞു. അതിന് പിന്നാലെ ഓപ്പറേഷന്‍ ജാഗറി രൂപീകരിച്ചു. അതിലും നല്ല പ്രതികരണമുണ്ടായി. കഴിഞ്ഞ 16 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 3297 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 283 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 1075 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 401 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 232 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.


ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആകെ 674 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 96 കടകള്‍ക്ക് നോട്ടീസ് നല്‍കി. 8 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6597 കിലോഗ്രാം പഴകിയതും രാസവസ്‌തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4575 പരിശോനകളാണ് നടത്തിയത്. 101 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 707 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 151 സര്‍വയലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ വി ആര്‍ വിനോദ്, അസി. ഭക്ഷ്യസുരക്ഷ കമ്മീഷണര്‍മാര്‍, മറ്റ് ഭക്ഷ്യസുരക്ഷ വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *