KOYILANDY DIARY

The Perfect News Portal

കൊല്ലം ബീച്ച് റോഡ് പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി: നഗരസഭയിലെ കൊല്ലം ബീച്ച് റോഡ് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് പൊതുജനങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഒരു കിലോമീറ്റർ വരുന്ന റോഡ് തകർന്നിട്ട് 8 വർഷമായതായി നാട്ടുകാർ പറഞ്ഞു. ഈ റോഡിന്റെ ദയനീയാവസ്ഥയെക്കുറിച്ച് നാട്ടുകാർ നിരന്തരമായി നഗരസഭ കൗൺസിലറെ ബോധ്യപ്പെടുത്തിയിട്ടും ഇതുവരെയായി അനുകൂല സമീപനം സ്വീകരിക്കാത്തതിനെത്തുടർന്നാണ് പ്രതിഷേധവുമായി രംഗത്തുവരാൻ കാരണമെന്ന് സംഘാടകർ പറഞ്ഞു. നഗരസഭയിലെ 42-ാം വാർഡ് ഉൾപ്പെടുന്ന പ്രദേശത്താണ് റോഡ് സ്ഥിതിചെയ്യുന്നത്.

മലബാറിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളായ പാറപ്പള്ളിയിലേക്കും പിഷാരികാവ് ക്ഷേത്രത്തിലേക്കും വരുന്ന യാത്രക്കാർ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. കൂടാതെ ദേശീയപാതയിൽ അപകടങ്ങൾ സംഭവിച്ച് ഗതാഗതം വഴിമുട്ടി നിൽക്കുമ്പോൾ ഈ റോഡിലൂടെയാണ് വാഹനങ്ങൾ വഴിതിരിച്ച് വിടാറുള്ളത്. ആയിരത്തോളം മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന പ്രദേശത്തുള്ള റോഡ്കൂടിയാണിത്.

പ്രതിഷേധ കൂട്ടായ്മയിൽ രാഷ്ട്രീയ ഭേദമന്യേ പ്രദേശത്തുകാര് പങ്കെടുത്തു. എ.വി. ഹാഷിം പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ടി.കെ. റഹീം അധ്യക്ഷത വഹിച്ചു. സൗലത്ത് അഹമ്മദ് ഊരാം കുന്നുമ്മൽ, വി. മൊയ്തീൻകുട്ടി, ടി.കെ. സിറാജ് എന്നിവർ സംസാരിച്ചു. അടിയന്തരമായി പ്രശേനം പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും ഇവർ വ്യക്തമാക്കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *