ബി ജെ പിയെ തോല്പിക്കാന് എല്ലാ മതേതര ശക്തികളും ഒന്നിക്കണം: യെച്ചൂരി

ഹൈദരാബാദ്: ബി ജെ പിയെ തോല്പിക്കാന് എല്ലാ മതേതര ശക്തികളേയും ഒന്നിപ്പിക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. സി.പി.എം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് കോണ്‍ഗ്രസിനെ തലോടിയും ബി.ജെ.പിയെ രൂക്ഷമായി കടന്നാക്രമിച്ചും യെച്ചൂരി പ്രസംഗിച്ചത്.
ബി.ജ.പിയെ തോല്പിക്കണമെന്നതിനാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ യെച്ചൂരി, ഇതിനായി എല്ലാ മതേതര ശക്തികളേയും ഒന്നിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടണമെന്ന തന്റെ നിലപാട് പ്രസംഗത്തിലൂടെ ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയെ തോല്പിക്കാനുള്ള ശ്രമത്തില്‍ എല്ലാ മതേതര ജനാധിപത്യ പാര്‍ട്ടികളേയും ഭാഗഭാക്കാക്കണം. സി.പി.എമ്മിന്റെ ഈ പാര്‍ട്ടി കോണ്‍ഗ്രസ് അതിന് വേദിയും മുന്നോട്ടുള്ള വഴിയുമായി മാറണം. ബി.ജെ.പിയെ ചെറുക്കാനുള്ള ബദല്‍ കെട്ടിപ്പടുക്കാന്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിനേ കഴിയുകയുള്ളൂവെന്നും യെച്ചൂരി വ്യക്തമാക്കി.

പാര്‍ട്ടി കോണ്‍ഗ്രസ് ഇടത് ഐക്യത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കാനുള്ള തീരുമാനവും എടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ക്കുള്ള രൂപരേഖയും ഈ പാര്‍ട്ടി കോണ്‍ഗ്രസില്‍ തയ്യാറാക്കുമെന്നും യെച്ചൂരി അറിയിച്ചു.

എന്‍.ഡി.എ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് യെച്ചൂരി തന്റെ പ്രസംഗത്തിലുടനീളം നടത്തിയത്. ബലാത്സംഗങ്ങളെ പോലും വര്‍ഗീയവത്കരിക്കുന്ന തരത്തിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കേന്ദ്രം ഭിന്നിപ്പുണ്ടാക്കുകയാണ്. ജനാധിപത്യ മൂല്യങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ജനങ്ങള്‍ എന്ത് കഴിക്കണം എന്ന് പോലും ആര്.എസ്.എസും സംഘപരിവാര്‍ സംഘടനകളും തീരുമാനിക്കുന്ന സാഹചര്യമാണുള്ളത്. കേന്ദ്രത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന പുരോഗമനപക്ഷക്കാരെ കൊന്നൊടുക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു.
നേരത്തെ, സ്വാതന്ത്ര്യസമര സേനാനിയും തെലുങ്കാന സായുധ സമരനായികയുമായ മല്ലു സ്വരാജ്യം പതാക ഉയര്‍ത്തിയതോടെ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി.
