ബാങ്ക് സമരം രണ്ട് ദിവസം: ഇടപാടുകള്‍ തടസ്സപ്പെടും
ന്യൂഡല്‍ഹി: ജനുവരി 31നും ഫെബ്രുവരി ഒന്നിനും തൊഴിലാളി യൂണിയനുകള്‍ പണമുടക്ക് നടത്തുന്നതിനാല്‍ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും. വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തെ സമരത്തിന് ആഹ്വാനംചെയ്തിട്ടുള്ളത്. പാര്‍ലമെന്റില്‍ സാമ്പത്തിക സര്‍വെ അവതരിപ്പിക്കുന്ന ജനുവരി 31നും ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിനുമാണ് ബാങ്ക് തൊഴിലാളികള്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
ജനുവരിയില്‍ നടക്കാന്‍ പോകുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്. ജനുവരി എട്ട് തൊഴിലാളി സംഘടനകള്‍ നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു.

ഒമ്പത് ബാങ്ക് തൊഴിലാളി യൂണിയനുകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യുഎഫ്ബിയു) പ്രതിനിധികള്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. അതില്‍ വേതനവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ നിരവധി ആവശ്യങ്ങള്‍ നിരസിക്കപ്പെട്ടുവെന്ന് യൂണിയനുകള്‍ ആരോപിച്ചു.

