KOYILANDY DIARY

The Perfect News Portal

പ്രളയദുരിതര്‍ക്ക് ധനസഹായം നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ച -കെ. സുധാകരന്‍

തിരുവനന്തപുരം: പ്രകൃതിദുരന്തം മൂലം സര്‍വതും നഷ്ടപ്പെട്ട് പെരുവഴിയിലും ദുരിതാശ്വാസ ക്യാമ്പിലും കഴിയുന്ന പതിനായിരക്കണക്കിന് പാവങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം സമയബന്ധിതമായി നല്‍കുന്നതില്‍ പിണറായി സര്‍ക്കാര്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ദുരിതാശ്വാസ സഹായത്തിന് വര്‍ഷങ്ങളായി കാത്തിരിക്കുന്നവരുടെ ദയനീയാവസ്ഥ സര്‍ക്കാറിന്‍റെ കണ്ണുതുറപ്പിക്കണം. ഇത്തവണയെങ്കിലും പ്രളയബാധിതര്‍ക്ക് സമയബന്ധിതമായി സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

2018 മഹാപ്രളയത്തിലെ ദുരിതാശ്വാസ ധനസഹായം ഇതുവരെ എല്ലാവര്‍ക്കും ലഭ്യമായിട്ടില്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. അന്ന് പ്രഖ്യാപിച്ച നാമമാത്രമായ 10,000 രൂപക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി പലരും മടുത്തു. ധനസഹായം ലഭിക്കാന്‍ അതിനേക്കാള്‍ വലിയ തുക ചെലവാക്കേണ്ട അവസ്ഥയാണ്.

2020ല്‍ 66 പേര്‍ മരിച്ച പെട്ടിമുടിയിലെ 20ഓളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഏറെ വൈകിയാണ് ലഭിച്ചത്. സാങ്കേതിക തടസം ചൂണ്ടിക്കാട്ടിയാണ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞത്. 59 പേര്‍ മരിച്ച കവളപ്പാറയിലും 12 പേര്‍ മരിച്ച പുത്തുമലയിലും ഇതുവരെ പുനരധിവാസം പൂര്‍ത്തിയാക്കിയില്ല. കവളപ്പാറ ദുരന്തത്തിലെ 32 കുടുംബങ്ങള്‍ക്ക് രണ്ടു വര്‍ഷം ദുരിതാശ്വാസ ക്യാംപില്‍ കഴിയേണ്ടി വന്നു.

Advertisements

പ്രളയ ദുരിതാശ്വാസ ധനസഹായ ഫണ്ടിന്‍റെയും റീ ബില്‍ഡ് കേരളയുടെയും പേരില്‍ ശതകോടികള്‍ പിരിച്ചെടുത്തിട്ടാണ് സര്‍ക്കാര്‍ ധനസഹായത്തിനായി ദുരിതബാധിതര്‍ക്ക് നെട്ടോട്ടമോടേണ്ടി വന്നത്. കേരളത്തില്‍ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്തും നീര്‍ത്തടത്തോട് ചേര്‍ന്നും 5924 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മൂന്നിലൊന്നു പോലും നിയമാനുസൃതമല്ല. 2018ലെ മഹാപ്രളയത്തിനു ശേഷം പോലും 223 ക്വാറികള്‍ക്ക് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കി. കൂടാകെ ജനവാസമേഖല, വനപ്രദേശം എന്നിവയുടെ സമീപത്ത് ക്വാറി പ്രവര്‍ത്തിക്കാനുള്ള ദൂരപരിധി 50 മീറ്ററായി കുറച്ചു നല്‍കുകയും ചെയ്തെന്ന് സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *