KOYILANDY DIARY

The Perfect News Portal

പ്രധാനമന്ത്രിയുടെ മൂക്കിനുതാഴെ 2000 ത്തിന്റെ 18 ലക്ഷം രൂപയുടെ വ്യാജ നോട്ട് പിടിച്ചു

ഡല്‍ഹി: രണ്ടായിരം രൂപയുടെ വ്യാജനോട്ടുകളുമായി മൂന്ന് പേര്‍ ഡല്‍ഹിയില്‍ പിടിയിലായി. ഇവരില്‍ നിന്ന് പതിനെട്ട് ലക്ഷം രൂപ മൂല്യമുള്ള രണ്ടായിരം രൂപ നോട്ടുകളും പോലീസ് പിടിച്ചെടുത്തു. പുതിയ നോട്ടുകള്‍ ഇറങ്ങിയ ശേഷം ഡല്‍ഹി പോലീസ് നടത്തുന്ന ഏറ്റവും വലിയ കളളനോട്ട് വേട്ടയാണിത്.

ആസാദ് സിംഗ്, മനോജ് , സുനില്‍ കുമാര്‍ എന്നിവരെയാണ് കള്ളനോട്ടുകളുമായി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. വാതുവെപ്പുകാര്‍ക്കും ഹവാല ഇടപാടുകാര്‍ക്കും വേണ്ടി വ്യാജനോട്ടുകള്‍ അച്ചടിക്കുന്നവരാണ് പിടിയിലായവരെന്ന് ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സജ്ജീവ് യാദവ് പറയുന്നു. 40,000 രൂപയുടെ നല്ല നോട്ടുകള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ വരെ വ്യാജനോട്ടുകളാണ് ഇവര്‍ നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഡല്‍ഹിയിലെ നരേലയ്ക്ക് സമീപത്ത് നിന്ന് വെള്ളിയാഴ്ച്ച രാത്രിയാണ് പോലീസ് മൂവരേയും പിടികൂടിയത്. മോഷണമടക്കം നേരത്തെ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആസാദാണ് വ്യാജനോട്ട് അച്ചടിക്ക് പിറകിലെ പ്രധാനി. അച്ചടിയന്ത്രവും സ്കാനിംഗ് മെഷീനും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഉപയോഗിച്ചാണ് ആസാദ് വ്യാജനോട്ടുകള്‍ അച്ചടിച്ചിരുന്നത്.

Advertisements

സുഹൃത്തുകളായ ചില വാതുവെപ്പുകാരുടെ പിന്തുണയോടെയായിരുന്നു ആസാദിന്റെ വ്യാജനോട്ട് പ്രസ്സ് പ്രവര്‍ത്തിച്ചിരുന്നത്. നോട്ടുകള്‍ വിതരണം ചെയ്യുന്നതിനും മറ്റുമായി ഇയാള്‍ പിന്നീട് ചെറുപ്പക്കാരെ ജോലിക്ക് നിര്‍ത്തുകയായിരുന്നു.

ഡല്‍ഹിക്ക് അകത്തും പുറത്തുമുള്ള ഇടപാടുകാര്‍ക്ക് നോട്ടുകള്‍ എത്തിച്ചു നല്‍കുന്നതായിരുന്നു തങ്ങളുടെ ജോലിയെന്ന് പിടിയിലായ സുനിലും മനോജും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നാല് ലക്ഷം രൂപയുടെ വ്യാജനോട്ടുകള്‍ ഇതിനോടകം ഹവാല ഇടപാടുകാര്‍ക്കും, വാതുവെപ്പുകാര്‍ക്കും കൈമാറിയതായും ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *