KOYILANDY DIARY

The Perfect News Portal

പ്രതിഷേധ പ്രകടനങ്ങളുമായി മാധ്യമ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ മംഗളൂരുവില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. വിവിധ ജില്ലകളില്‍ മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മാധ്യമ പ്രപവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ലിയുജെയുടേയും വിവിധ പ്രസ്ക്ലബുകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങളുമായി മാധ്യമ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.

പത്ത് മാധ്യമ പ്രവര്‍ത്തകരാണ് മംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. രേഖകള്‍ പരിശോധിക്കാനാണെന്ന വിശദീകരണമാണ് മംഗളൂരു പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി പുറത്ത് വരുന്നത്. രാവിലെ എട്ടരയോടെയാണ് മലയാളി മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണും ക്യാമറയും അടക്കം ഉപകരണങ്ങളെല്ലാം പൊലീസ് പിടിച്ച്‌ വാങ്ങി. മണിക്കൂറുകള്‍ക്ക് ശേഷവും മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെടാനാകാത്ത അവസ്ഥയാണ്.

മൂന്ന് മണിക്കൂറിന് ശേഷം മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ പ്രതികരണം വന്നെങ്കിലും തുടര്‍ന്നും മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെടാനാകാത്ത അവസ്ഥയാണ്. ഇതിനിടെ വ്യാജ മാധ്യമ പ്രവര്‍ത്തകരെയാണ് പിടികൂടിയതെന്ന വിചിത്ര വാദവും മംഗളൂരു പൊലീസില്‍ നിന്ന് ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസും ഡിജിപിയും ചീഫ് സെക്രട്ടറി അടക്കം ഉന്നത ഉദ്യോഗസ്ഥരും കര്‍ണാടക സര്‍ക്കാറുമായും ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്തിയിരുന്നു.

Advertisements

സ്ഥാപനത്തിന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഹാജരാക്കിയിട്ടും മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിന് എതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ വിവിധ മേഖലകളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. മംഗലൂരുവിലെ മാധ്യമ വേട്ടക്ക് എതിരെ കൊല്ലത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. വയനാട്ടില്‍ കര്‍ണാടക ബസ് തടഞ്ഞായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *