KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര താലൂക്ക് ആശുപത്രിയെ മാതൃകാ ആശുപത്രിയായി വികസിപ്പിക്കാന്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നു

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയെ മാതൃകാ ആശു​പത്രിയായി വികസിപ്പിക്കാന്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നു. മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാനും നിലവിലുള്ള ഡയാലിസിസ് സെന്റര്‍ കൂടുതല്‍ സൗകര്യത്തോടെ വിപുലീകരിക്കുന്നതിനും എം.എല്‍.എ.യുടെ ആസ്തിവികസനഫണ്ടില്‍നിന്ന് ഒരുകോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

ആശുപത്രിവികസനത്തിന് പുതിയകെട്ടിടം നിര്‍മിക്കാന്‍ കോമ്ബൗണ്ടില്‍ സ്ഥലമില്ലാത്തതിനാല്‍ തൊട്ടടുത്തുള്ള സി.കെ.ജി.എം. ഗവ. കോളജിന്റെ സ്ഥലം പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് ലഭ്യമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

ആശുപത്രിയില്‍ പുതുതായി ഒരുക്കേണ്ട സൗകര്യങ്ങള്‍ വ്യക്തമാക്കി രണ്ടുമാസത്തിനകം മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാനാണ് തീരുമാനം. ജനുവരി അവസാനം ചേരുന്ന ആശുപത്രി വികസന സെമിനാറില്‍ പദ്ധതിരേഖ അവതരിപ്പിക്കും. ഇതിനുശേഷം പ്രവൃത്തി തുടങ്ങാനാണ് ലക്ഷ്യമെന്ന് മന്ത്രി ആസ്​പത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തെ അറിയിച്ചു.

Advertisements

ആശുപത്രിയിലും ഡയാലിസിസ് സെന്ററിനും യഥേഷ്ടം വെള്ളം ലഭ്യമാക്കാനും നടപടിയുണ്ടാകും. കല്ലോടിന് സമീപം കൃഷിവകുപ്പിന്റെ വിത്തുത്പാദനകേന്ദ്രത്തിലെ ജലസ്രോതസ്സില്‍നിന്ന് വെള്ളം ആശു​പത്രിയിലേക്കും എത്തിക്കും. ഇതിനായി ജില്ലാപഞ്ചായത്തും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് പദ്ധതി നടപ്പാക്കും.

യോഗത്തില്‍ മണ്ഡലം വികസന മിഷന്‍ ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന, ജില്ലാ പഞ്ചായത്തംഗം എ.കെ. ബാലന്‍, മെഡിക്കല്‍ ഓഫീസര്‍ കെ.പി. വിനോദ് കുമാര്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എം. സലീം, ദീപു ആര്‍. നായര്‍, ഹെഡ് നഴ്സ് റോസമ്മ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്സന്‍ ഇ.പി. കാര്‍ത്യായനി, അജിത കൊമ്മിണിയോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *