KOYILANDY DIARY

The Perfect News Portal

പെരുച്ചാഴി എന്നു പേരിട്ട യന്ത്രം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മേളയില്‍ പ്രദര്‍ശിപ്പിച്ചു

കോഴിക്കോട്: മാന്‍ഹോളില്‍ ഇറങ്ങി ജീവന്‍ നഷ്ടപ്പെടുന്നവര്‍ ഇനിയുമുണ്ടാകരുതേ എന്ന് നമുക്ക് ആഗ്രഹിക്കാം. തൊഴിലാളികള്‍ക്ക് കുഴിയില്‍ ഇറങ്ങാതെ പുറമെനിന്ന് നിയന്ത്രിക്കാന്‍ കഴിയുന്ന പെരുച്ചാഴി എന്നു പേരിട്ട (ബാന്‍ഡിക്യൂട്ട്) യന്ത്രം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ജെന്‍ റോബോട്ടിക്സ് അവതരിപ്പിച്ച ഈ സംരംഭത്തില്‍ സാമ്പത്തിക നിക്ഷേപം നടത്താന്‍ യൂണികോണ്‍ വെഞ്ചേര്‍സ് സന്നദ്ധമായി.

കണ്ണാടി നോക്കുമ്പോള്‍ കുടവയര്‍ വരുന്നെങ്കില്‍ വ്യായാമം നിര്‍ദേശിക്കുന്ന ‘പെര്‍ഫെക്റ്റ് ഫിറ്റ് ‘, സ്മാര്‍ട്ട് അടുക്കള്ള ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന സെക്റ്റര്‍ ക്യൂബ് എന്നിവയിലും നിക്ഷേപം നടത്താന്‍ യൂണികോണ്‍ തീരുമാനിച്ചു. കമ്പനിയുടെ മാനെജിങ് ഡയരക്റ്റര്‍ അനില്‍ ജോഷി ഇതുസംബന്ധിച്ച കരാര്‍ കൈമാറി.

രാജ്യത്തെ ഏറ്റവും വലിയ സാമൂഹിക പ്രശ്നമാണ് തോട്ടിപ്പണിയെന്ന് ജെന്‍ റോബോട്ടിക്സസ് ഡയരക്റ്റര്‍മാരായ വിമല്‍ ഗോവിന്ദും റാഷിദും പറഞ്ഞു. മാന്‍ഹോളില്‍ ഇറങ്ങാതെ പുറത്തുനിന്ന് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുക എന്നത് വലിയ നേട്ടമാണ്. അപായഭീതി ഒഴിഞ്ഞുനില്‍ക്കുന്നതോടെ ധൈര്യപൂര്‍വം തൊഴിലാളികള്‍ക്ക് ജോലി ചെയ്യാമെന്നും അവര്‍ വിശദമാക്കി.

Advertisements

വസ്ത്രവ്യാപാരശാലകള്‍, സ്കൂള്‍, വ്യക്തികള്‍ എന്നിവരെയാണ് പെര്‍ഫെക്റ്റ് ഫിറ്റ് എന്ന സ്റ്റാര്‍ട്ടപ്പിലൂടെ സംരംഭകനായ ഇയോബിന്‍ അലക്സ് ജോര്‍ജ് ലക്ഷ്യം വെയ്ക്കുന്നത്. നമ്മുടെ നേരിട്ടുള്ള സാന്നിധ്യം ഇല്ലാതെത്തന്നെ, ശരീരത്തിന്റെ അളവുകള്‍ എടുത്ത് നമ്മുടെ ആവശ്യത്തിനനുസരിച്ച്‌ തുണിമുറിച്ചു തയ്ക്കും.

വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ ആരോഗ്യവും ശരീരവടിവും കണ്ണാടി അവലോകനം ചെയ്യും. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഇത്തരത്തില്‍ അളവെടുത്ത് തയ്യല്‍ നടത്താം എന്നതിനാല്‍ തയ്യല്‍ ജോലികളുടെ പുറംപണി കരാര്‍ ഇതുവഴി സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇയോബിന്‍ അലക്സ് ജോര്‍ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *