KOYILANDY DIARY

The Perfect News Portal

പൂക്കാട് കലാലയത്തിൻ്റെ സേവനം മഹനീയം: കേന്ദ്രമന്ത്രി വി.മുരളീധരൻ

കൊയിലാണ്ടി: ജീവിതത്തിൻ്റെ ക്രമങ്ങൾ ആകെ മാറിയിരിക്കുന്ന പ്രതിസന്ധിയിൽ വിദ്യാലയത്തിൽ പോകാൻ കഴിയാതെ വിഷമിക്കുന്ന കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിച്ച് സഹൃദയ സമക്ഷം അവതരിപ്പിക്കാൻ കളി ആട്ടം ഒരുക്കിയത് അഭിനന്ദനീയമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. നാട്ടിൽ സഹൃദയ സമൂഹ സൃഷ്ടിക്കായി പൂക്കാട് കലാലയം ചെയ്യുന്ന സേവനം നിസ്തുലമാണ്.

വീടുകളിൽ കുട്ടികൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം കലാഭിരുചി പ്രകടിപ്പിക്കാൻ അവസരം നൽകിയത് മാതൃകാപരമാണെന്നും ആറ് ദിവസമായി നടക്കുന്ന കളി ആട്ടത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി അഭിപ്രായപ്പെട്ടു. പൂക്കാട് കലാലയം സ്ഥാപക ആചാര്യരായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെയും മലബാർ സുകുമാരൻ ഭാഗവതരേയും അദ്ദേഹം അനുസ്മരിച്ചു. വർഗ്ഗീയതയും തീവ്രവാദവും സ്പർശിക്കാതിരിക്കാൻ കുട്ടികൾ കലാപഠനത്തിന് സന്നദ്ധരാവണമെന്ന് ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു കൊണ്ട് ദഫ്മുട്ട് ആചാര്യൻ ഡോ.കോയ കാപ്പാട് പറഞ്ഞു.

കുട്ടികളുടെ സാന്ത്വന മഹോത്സവത്തിലെ സല്ലാപം വേദിയിൽ മേധാ പട്കർ , ഡോ.സന്ദീപ് പാണ്ഡേ ലക്നോ, ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്, നാടക ആക്ടിവിസ്റ്റ് മീര സംഘമിത്ര തെലുങ്കാന, ടി.പദ്മനാഭൻ, എം.എൻ. കാരശ്ശേരി ,കരിവള്ളൂർ മുരളി, സിവിക് ചന്ദ്രൻ, ആരോഗ്യ പ്രവർത്തക സിസ്റ്റർ പുഷ്പജ.കെ.വി കണ്ണൂർ എന്നിവർ ഓൺലൈനിൽ പങ്കെടുത്തു. ഒമാൻ, ജപ്പാൻ, യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും ഡൽഹി, ബാംഗ്ലൂർ, ഹൈദരബാദ് എന്നീ പ്രദേശങ്ങളിൽ നിന്നുമായി 417 വിദ്യാർഥികൾ കേമ്പിൽ പങ്കെടുത്തു.യോഗ പരിശീലനം, തിയറ്റർ ഡ്രിൽ ഉൾപ്പടെ ശാരീരിക മാനസിക ബൗദ്ധിക വ്യായാമങ്ങൾ, കാവ്യാസ്വാദനം എന്നിവ ഉൾപ്പെടുത്തിയ കളി ആട്ടംഅക്ഷരാർത്ഥത്തിൽ മഹാമാരികാലത്തെ കുട്ടികളുടെ സാന്ത്വന മഹോത്സവമായി മാറി. സമാപന സമ്മേളനത്തിൽ പ്രസിഡണ്ട് യു.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. ഡയരക്ടർ മനോജ് നാരായണൻ വിടവാങ്ങൽ പ്രസംഗവും കോ-ഓഡിനേറ്റർഎ.അബുബക്കർ കേമ്പ് അവലോകനവും നടത്തി.ജനറൽ കൺവീനർ കാശി പൂക്കാട് സ്വാഗതം പറഞ്ഞു. പ്രോഗ്രാം കൺവീനർ ശിവദാസ് കാരോളി നന്ദി രേഖപ്പെടുത്തി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *