KOYILANDY DIARY

The Perfect News Portal

നീരുറവ് പദ്ധതിക്ക്‌ കീഴരിയൂരിൽ തുടക്കമാകുന്നു

കീഴരിയൂർ: മണ്ണ്, ജല സംരക്ഷണത്തിനായി സർക്കാർ ആവിഷ്‌കരിച്ച നീരുറവ് പദ്ധതിക്ക്‌ കീഴരിയൂരിൽ തുടക്കമാകുന്നു. 648 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന കീഴരിയൂർ പഞ്ചായത്തിലെ നീർത്തടങ്ങളുടെ സമഗ്ര വികസനത്തിനുതകുന്ന തരത്തിൽ കളങ്കോളി തോടിന്റെയും, മാക്കണഞ്ചേരി തോടിന്റെയും, അനുബന്ധ നീർച്ചാലുകളുടെയും നവീകരണവും വികസനവും സാധ്യമാക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സമഗ്ര നീർത്തടവികസന പദ്ധതി നടപ്പാക്കുന്നത്.

തൊഴിലുറപ്പ് പദ്ധതിക്കു പുറമേ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം, കൃഷി, മൃഗ സംരക്ഷണം, മണ്ണു സംരക്ഷണം, ക്ഷീര വികസനം, മത്സ്യം, ജലസേചനം എന്നീ വകുപ്പുകളും കുടുംബശ്രീ, ശുചിത്വമിഷൻ, ഹരിത കേരള മിഷൻ എന്നിവയും ഇതിൽ സഹകരിക്കും. നീർച്ചാലുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ ഉൾപ്പെട്ട പൊതു സ്വകാര്യ ഭൂമിയിൽ കോണ്ടൂർ ബണ്ടുകൾ, ട്രഞ്ചുകൾ, തട്ടുതിരിക്കൽ, മഴക്കുഴികൾ, മൺകയ്യാലകൾ, വനവത്‌കരണം, കിണർ റീ ചാർജിങ്, കുളങ്ങളുടെ നിർമാണം എന്നിവ സാധ്യമാക്കും. പദ്ധതിപ്രദേശത്തുള്ള ജനങ്ങൾക്ക് ഉപജീവനത്തിന് സഹായകരമാകുന്ന വരുമാനദായക ആസ്തികളായ കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, തീറ്റപ്പുൽകൃഷി, അസോള ടാങ്ക്, മത്സ്യക്കുളങ്ങൾ എന്നിവയും സ്വയം സഹായ സംഘങ്ങൾക്ക് വർക്ക് ഷെഡ്, ഗ്രാമീണ വിപണനകേന്ദ്രങ്ങൾ എന്നിവയുംനിർമിക്കും.

ചെറുകിട നാമമാത്ര കർഷകരുടെയും പട്ടിക ജാതി പട്ടിക വർഗ ദുർബല വിഭാഗക്കാരുടെയും ക്ഷേമം ഉറപ്പു വരുത്തും. കളങ്കോളിത്തോടിന്റെ വീണ്ടെടുപ്പിനായി അതിരുകൾ നിർണയിച്ച് ഭിത്തി നിർമിച്ച് സംരക്ഷിക്കും. നെല്യാടിപ്പുഴയോട് ചേരുന്ന ഭാഗത്ത് വി.സി.ബി. നിർമിച്ച് ഉപ്പുവെള്ളം കയറുന്നത് തടയും. മാക്കണഞ്ചേരി തോടും മാക്കണഞ്ചേരി തോട്ടിൽ ചേരുന്ന കേളോത്ത് താഴെ നിന്നും എളമ്പിലാട്ട് താഴെനിന്നും ആരംഭിക്കുന്ന തോടുകളും ആഴവും വീതിയും കൂട്ടി സംരക്ഷിക്കും. നീർച്ചാലുകളുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്താതെ ശാസ്ത്രീയമായ ഇടപെടലുകളിലൂടെ തടഞ്ഞു നിർത്തി അതത് പ്രദേശങ്ങളിൽ ജലം സംഭരിക്കുന്നതിലൂടെ എല്ലാ മാസവും ജലലഭ്യത ഉറപ്പു വരുത്തും.

Advertisements

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി എൻ.ആർ.ഇ.ജി.എസ്. കീഴരിയൂർ എ.ഇ. നീരജശ്രീ സമർപ്പിച്ച കരട് വികസനരേഖയുടെ അടിസ്ഥാനത്തിലാണ് നീരുറവ് പദ്ധതിയിലേക്ക് കീഴരിയൂർ നീർത്തടത്തെ തിരഞ്ഞെടുത്തത്. പദ്ധതി സംബന്ധിച്ച്‌ ജന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്കായി കീഴരിയൂർ ഗ്രാമപ്പഞ്ചായത്ത് ഹാളിൽ ചേർന്ന ബോധവത്‌കരണ യോഗം മേലടി ബി.ഡി.ഒ. കെ. സരുൺ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമല അധ്യക്ഷത വഹിച്ചു. മേയ് 21-ന് 2.30-ന് കീഴരിയൂർ ഗ്രാമപ്പഞ്ചായത്ത് ഹാളിൽ ഇതു സംബന്ധിച്ച് വിപുലമായ യോഗം വിളിച്ചിട്ടുണ്ട്. കരട് രേഖ ചർച്ചചെയ്ത് സമഗ്രപ ദ്ധതിക്ക്‌ രൂപംനൽകും. വിവിധ കമ്മിറ്റികളും രൂപവത്‌കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *