KOYILANDY DIARY

The Perfect News Portal

നീതി ആയോഗ് ആരോഗ്യ സൂചിക: കേരളം തുടർച്ചയായി ഒന്നാമത്

നീതി ആയോഗിൻ്റെ ആരോഗ്യ സൂചികയിൽ കേരളം തുടർച്ചയായി നാലാം തവണയും ഒന്നാമത്. നൂറിൽ 82.20 സ്‌കോർ നേടിയാണ്‌ 2019–-20 വർഷത്തെ പ്രവർത്തനങ്ങളുടെ മികവിൽ കേരളം ഒന്നാമതെത്തിയത്. രൂക്ഷമായ പ്രളയക്കെടുതിയെ നേരിടേണ്ടി വന്ന ഘട്ടമായിരുന്നു അതെന്നത് നേട്ടത്തിൻ്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ, ഭരണ സംവിധാനവും സേവനവും, ജീവനക്കാരും ആശുപത്രികളും എന്നിങ്ങനെ മൂന്ന്‌ വിഭാഗത്തിലായി 24 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സ്‌കോർ നിശ്ചയിച്ചത്‌. പൊതു ആരോഗ്യ മേഖലയെ ശാക്തീകരിക്കുക എന്ന ഇടതുപക്ഷ നയം പ്രതിസന്ധിഘട്ടങ്ങളിലും നിശ്ചയ ദാർഢ്യത്തോടെ നടപ്പാക്കാൻ കഴിഞ്ഞതു കൊണ്ടാണ് ഈ നേട്ടം സാധ്യമായത്.

ആരോഗ്യ പ്രവർത്തകരുടെ ത്യാഗമനസ്ഥിതിയോടു കൂടിയ സേവനം ഈ വലിയ ഉത്തരവാദിത്തം മികച്ച രീതിയിൽ നിർവഹിക്കാൻ കേരളത്തെ പ്രാപ്തമാക്കി. തുടർന്ന് വന്ന കോവിഡ് മഹാമാരിയെ മാതൃകാപരമായ രീതിയിൽ ചെറുക്കാൻ സാധിച്ചതും ഒത്തൊരുമിച്ചുള്ള ഈ പ്രവർത്തന രീതിയുടെ കരുത്തിലാണ്. കോവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതി ഉയർത്തുന്ന ഈ സാഹചര്യത്തിൽ ആരോഗ്യ മേഖലയിൽ കൂടുതൽ ജാഗ്രതയോടെയുള്ള ഇടപെടൽ ആവശ്യമാണ്. നമ്മുടെ ആരോഗ്യ സംവിധാനങ്ങളാകെ അതിനായി ഒരുങ്ങുകയാണ്. കൈവരിച്ച നേട്ടങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ പുതിയ വെല്ലുവിളികളെ നേരിടാനും അതിജീവിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. അത് ഒരു പോരാട്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *