KOYILANDY DIARY.COM

The Perfect News Portal

നിര്‍ഭയ കേസ് പ്രതികളെ അടുത്താഴ്ച തൂക്കിലേറ്റും

ഡല്‍ഹി: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസ് പ്രതികളെ അടുത്ത ആഴ്ച തൂക്കിലേറ്റുമെന്ന് സൂചന. ബിഹാറിലെ ബക്സര്‍ ജില്ലയിലെ ജയില്‍ അധികൃതര്‍ക്ക് 10 തൂക്കുകയറുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം ലഭിച്ചു കഴിഞ്ഞു. ഇതേ തുടര്‍ന്നാണ് പ്രതികളെ എത്രയും പെട്ടെന്ന് തന്നെ തൂക്കിലേറ്റുമെന്ന നിലപാടിലെത്തിയത്.

കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ രാഷ്ട്രപതിയുടെ മുന്നിലുള്ള ദയാഹര്‍ജി പിന്‍വലിച്ചതോടെയാണ് ഈ നീക്കം. താന്‍ ഇത്തരത്തിലൊരു ദയാഹര്‍ജി നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയ് ശര്‍മ രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജി പിന്‍വലിച്ചത്. ഇങ്ങനെയൊരു ഹര്‍ജിയില്‍ താന്‍ ഒപ്പുവച്ചിട്ടില്ല. ആരെയും ഹര്‍ജി നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുമില്ലെന്ന് വിനയ് ശര്‍മ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

തള്ളിക്കളയണമെന്ന ശുപാര്‍ശയോടെയാണ് കേന്ദ്ര ആഭ്യന്തര  മന്ത്രാലയം ഈ ദയാഹര്‍ജി രാഷ്ട്രപതി ഭവന് കൈമാറിയത്. ഹര്‍ജി ആദ്യം ലഭിച്ച ഡെല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലും ഹര്‍ജി തള്ളിക്കളയുന്നതായി ഫയലില്‍ രേഖപ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്. അതിനാല്‍ തന്നെ വിനയ് ശര്‍മയുടെ ദയാഹര്‍ജി പരിഗണിക്കപ്പെടാന്‍ സാധ്യതയില്ലെന്ന സൂചനയാണ് ലഭിച്ചിരുന്നത്.

Advertisements

ഈയാഴ്ച അവസാനത്തോടെ തൂക്കുകയര്‍ നിര്‍മിച്ചു നല്‍കാനാണു ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡെല്‍ഹിയില്‍ ഓടുന്ന ബസില്‍ 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി നിര്‍ഭയ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട് ഏഴു വര്‍ഷം തികയുന്നത് തിങ്കളാഴ്ചയാണ്. 2012 ല്‍ ആണ് ആ ക്രൂരമായ സംഭവം നടന്നത്. നിര്‍ഭയ കേസില്‍ പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവര്‍ വധശിക്ഷ കാത്തു തിഹാര്‍ ജയിലില്‍ കഴിയുകയാണ്.

ഡിസംബര്‍ 14-നുള്ളില്‍ തൂക്കുകയറുകള്‍ സജ്ജമാക്കാന്‍ ജയില്‍ ഡയറക്ടറേറ്റില്‍നിന്ന് നിര്‍ദേശം ലഭിച്ചതായി ബക്സര്‍ ജയില്‍ സുപ്രണ്ട് വിജയ് കുമാര്‍ അറോറ സമ്മതിച്ചു. എന്നാല്‍ കയര്‍ എവിടെ ഉപയോഗിക്കാനാണെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വര്‍ഷങ്ങളായി തൂക്കുകയറുകള്‍ നിര്‍മിക്കുന്നത് ബക്സര്‍ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു. ഒരു തൂക്കുകയര്‍ നിര്‍മിക്കാന്‍ കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വേണ്ടിവരും. വളരെ കുറച്ചു മാത്രം യന്ത്രസഹായമേ കയര്‍ നിര്‍മാണത്തിന് ഉപയോഗിക്കാറുള്ളു. തൂക്കുകയറുകളുണ്ടാക്കാന്‍ പ്രസിദ്ധമായ സെന്‍ട്രല്‍ ജയിലാണ് ബിഹാറിലെ ബുക്‌സാറിലേത്. ഗംഗാതീരത്ത് സ്ഥിതി ചെയ്യുന്ന ബുക്‌സാര്‍ ജയിലില്‍ തയ്യാറാക്കുന്ന തൂക്കുകയറുകള്‍ മനില കയറുകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

നേരത്തേ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊല്ലാനുള്ള തൂക്കുകയര്‍ തിഹാര്‍ ജയിലിലേക്ക് എത്തിച്ചത് ഇവിടെ നിന്നാണ്. 2013 ഫെബ്രുവരി ഒമ്ബതിനാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊല്ലുന്നത്. 1725 രൂപയ്ക്കാണ് അവസാനം ഇവിടെനിന്നു കയര്‍ നല്‍കിയത്. ഇരുമ്ബും പിത്തളയും കയര്‍ നിര്‍മാണത്തിന് ഉപയോഗിക്കാറുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *