KOYILANDY DIARY

The Perfect News Portal

നിപ്പ വൈറസ്‌: വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും

മലപ്പുറം: നിപ്പാ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനോട് മലപ്പുറം കലക്ടര്‍ അമിത് മീണ ആവശ്യപ്പെട്ടു. ജില്ലയില്‍ നിപ്പാ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ഗുരുതര പ്രത്യാഘാതത്തിന് കാരണമാകുമെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.

കലക്‌ട്രേറ്റില്‍ നടന്ന നിപ്പാ ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തത്. പുത്തനത്താണിയില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഹോമിയോ ഡോക്ടര്‍ ഇസ്സാം ഇസ്മായിലിനെതിരെയാണ് പരാതി. നിപ്പാ വൈറസ് രോഗത്തിന് ഹോമിയോ വിഭാഗത്തില്‍ മരുന്ന് ലഭ്യമാണന്ന് പറഞ്ഞാണ് ഇയാള്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. വാട്‌സ്‌ആപ്പ്, യൂട്യൂബ്, വോയ്‌സ് മെസ്സേജ് തുടങ്ങിയവ വഴിയാണ് പ്രചാരണം നടത്തുന്നത്.

ഇതിന് പുറമെ താനൂര്‍ മുക്കോല അംബേദ്ക്കര്‍ കോളനിയില്‍ നിപ്പാ വൈറസ് ബാധിച്ചിട്ടുണ്ടന്നും ഇവരെ ഒറ്റപ്പെടുത്തണമെന്ന രീതിയില്‍ വാട്‌സപ്പ് പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചു. ഈ കോളനിയില്‍ നിന്നുള്ള ചിലര്‍ നിപ്പാ ബാധിച്ചു മരിച്ച ഒരു വീട്ടില്‍ പോയതായി പറയുന്നതാണ് പ്രചരണത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജില്ലയില്‍ നിപ്പാ വൈറസ് ബാധ സംശയിച്ച അവസാനമായി പരിശോധനക്ക് അയച്ച നാല് വ്യക്തികളുടെ സാമ്ബിളുകള്‍ നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെസക്കീന അറിയിച്ചു. ഇതൊടെ ജില്ലയില്‍ നിപ്പാ വൈറസെന്ന് സംശയിക്കുന്ന ഒരു കേസുകളും ഇല്ലയെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്.

Advertisements

അംഗന്‍വാടികള്‍ വഴി കുഷ്ഠം, ക്ഷയരോഗം തുടങ്ങിയവ ബാധിച്ച രോഗികകള്‍ക്ക് നല്‍കുന്ന മരുന്നുകളുടെ വിതരണം നിലച്ചതായി പരാതി ഉയര്‍ന്നിരുന്നു. അംഗന്‍ വാടികള്‍ അടച്ചതോടെ ജീവനക്കാര്‍ വരാതായതാണ് കാരണം. ഇതിനെ തുടര്‍ന്ന് ഇത്തരം രോഗികള്‍ക്ക് അവരുടെ വീടുകളില്‍ പോയി മരുന്നുകള്‍ വിതരണം നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ സാമൂഹ്യ നീതി ജില്ലാ ഓഫിസര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡെങ്കി റിപ്പോര്‍ട്ട് ചെയ്ത മേഖലയില്‍ ആരോഗ്യ വകുപ്പ് ഫോഗിംഗ് പ്രവര്‍ത്തനം തുടങ്ങിയതായും യോഗത്തില്‍ അറിയിച്ചു. കളക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന, ഡെപ്യുട്ടി എന്‍ആര്‍എച്ച്‌എം ജില്ലാ മാനേജര്‍ ഡോ.എ ഷിബുലാല്‍ ഡോ.മുഹമ്മദ് ഇസ്മായില്‍ , ഡോ. കെപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *