KOYILANDY DIARY

The Perfect News Portal

വീണ്ടും പൊലീസ്​ മര്‍ദനം; യുവാവ്​ ഗുരുതരാവസ്​ഥയില്‍

ആലുവ: പൊലീസുകാര്‍ സഞ്ചരിച്ച കാറില്‍ ബൈക്കിടിച്ചെന്ന്​ ആരോപിച്ച്‌ പൊലീസുകാര്‍ മര്‍ദിച്ച യുവാവിനെ ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റി. മര്‍ദനത്തില്‍ യുവാവി​​​​​​​​െന്‍റ കവിളെല്ല്​ തകര്‍ന്നതായും അടിയന്തര ശസ്​ത്രക്രിയ ആവശ്യമുണ്ടെന്നും ഡോകട്​ര്‍മാര്‍ പറഞ്ഞു. ആലുവ കുഞ്ചാട്ടുകര സ്വദേശി ഉസ്മാനെയാണ് മഫ്തിയിലുള്ള പൊലീസ് മര്‍ദിച്ചത്. സംഭവം വിവാദമായതോടെ നാലു പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധവുമായി ആലുവ എടത്തല പൊലീസ് സ്റ്റേഷനിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ എടത്തല കുഞ്ചാട്ടുകരയിലാണ്​ സംഭവം. കാറില്‍ കയറ്റിക്കൊണ്ടുപോയ യുവാവിനെ കാറിലും സ്‌റ്റേഷനിലെത്തിച്ചും മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന്‍ (39) ഓടിച്ചിരുന്ന ബൈക്കാണ് എടത്തല ഗവ. സ്‌കൂളി​​​െന്‍റ ഗേറ്റിന്​ മുന്നില്‍ പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചത്. മഫ്​തിയിലായിരുന്നു പൊലീസ് സംഘം. ഇതിനെപ്പറ്റി ചോദിച്ചപ്പോഴാണ് ഉസ്മാന് നേരെ മര്‍ദനം ഉണ്ടായത്. കുഞ്ചാട്ടുകരയില്‍ വെച്ചും പൊലീസ് മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.

സംഭവമറിഞ്ഞ് കുഞ്ചാട്ടുകരയില്‍നിന്ന് നൂറുകണക്കിന് ആളുകള്‍ എടത്തല പൊലീസ് സ്‌റ്റേഷനിലെത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ ഉസ്മാനെ സ്‌റ്റേഷ​​​െന്‍റ മുകളിലത്തെ നിലയിലേക്ക്​ മാറ്റി. പിന്നീട് ആംബുലന്‍സ് എത്തിച്ച്‌ ആലുവ ജില്ല ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. ഉസ്മാനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ ആലുവ ഡിവൈ.എസ്.പി കെ.ബി. പ്രഫുലചന്ദ്രന്‍ എടത്തല സ്​റ്റേഷനിലെത്തിയിരുന്നു. തുടര്‍ന്നാണ് ഉസ്മാനെ ആശുപത്രിയിലേക്ക്​ മാറ്റിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *