KOYILANDY DIARY

The Perfect News Portal

നികുതിയടച്ചാൽ സമ്മാനം ; ലക്കി ബിൽ പദ്ധതിക്ക്‌ തുടക്കം

തിരുവനന്തപുരം: നികുതിയടച്ചാൽ സമ്മാനം ; ലക്കി ബിൽ പദ്ധതിക്ക്‌ തുടക്കം. ജിഎസ്‌ടിയിൽ സർക്കാരിന്റെ നൂതന സംരംഭമായ ലക്കി ബിൽ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്‌ഘാടനം ചെയ്‌തു. ലക്കി ബിൽ ആപ്പും അദ്ദേഹം പുറത്തിറക്കി. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. പൊതു ജനങ്ങൾക്ക്‌ ലഭിക്കുന്ന ജിഎസ്‌ടി ബില്ലുകളിൽ നിന്ന്‌ നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകുന്നതാണ്‌ പദ്ധതി. ജിഎസ്‌ടി രേഖപ്പെടുത്തിയ ബില്ലുകൾ ഗുണഭോക്താവിന്  ലക്കി ബിൽ‌ ആപ്പിലേക്ക്‌ ലോഡ്‌ ചെയ്യാം.

ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും  www.keralataxes.gov.in ൽനിന്നും ആപ്‌ ഇൻസ്റ്റാൾ ചെയ്യാം. പേര്‌, വിലാസം, ഫോൺ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. തുടർന്ന്‌,  സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ ‌ലോഡ് ചെയ്യാം. നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങൾ നൽകും. എല്ലാ ദിവസവും 50 പേർക്ക്‌‌ കുടുംബശ്രീ, വനശ്രീ എന്നിവയുടെ 1000 രൂപ വില വരുന്ന സമ്മാനപ്പൊതിയും എല്ലാ ആഴ്‌ചയും  25 പേർക്ക്‌  കെടിഡിസിയുടെ  മൂന്നുപകൽ/ രണ്ടുരാത്രി  കുടുംബ താമസ സൗകര്യവും ലഭിക്കും. 

മാസംതോറും ഒരാൾക്ക്‌ ഒന്നാം സമ്മാനം 10 ലക്ഷം രൂപയും രണ്ടാംസമ്മാനം അഞ്ചു പേർക്ക്‌ രണ്ടുലക്ഷം രൂപ വീതവും മൂന്നാം സമ്മാനം അഞ്ചു പേർക്ക്‌ ഒരു ലക്ഷം രൂപവീതവുമുണ്ട്‌. വാർഷിക ബമ്പർ സമ്മാനമായി ഒരാൾക്ക്‌  25  ലക്ഷം രൂപയും ലഭിക്കും. മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌‌ ഡി സുരേഷ്‌കുമാർ,  ധന അഡീഷണൽ ചീഫ്‌ സെക്രട്ടറി ആർ കെ സിങ്‌, വ്യാപാരി സംഘടനാ നേതാക്കളായ ഇ എസ്‌ ബിജു, രാജു അപ്‌സര, സംസ്ഥാന ജിഎസ്‌ടി കമീഷണർ ഡോ. രത്തൻ യു ഖേൽക്കർ, സ്‌പെഷ്യൽ കമീഷണർ ഡോ. വീണ എൻ മാധവൻ എന്നിവർ സംസാരിച്ചു.

Advertisements



Leave a Reply

Your email address will not be published. Required fields are marked *