KOYILANDY DIARY

The Perfect News Portal

നവവരന്‍റെ മരണം; ഒരാള്‍ കസ്റ്റഡിയില്‍

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട കോട്ടയം സ്വദേശി കെവിന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. സംഭവത്തില്‍ വീഴ്ചവരുത്തിയ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ ആയ എംഎസ് ഷിബുവിനെ സസ്പെന്‍ഡ് ചെയ്തു. കൂടാതെ സ്റ്റേഷനിലെ മറ്റൊരു ഉദ്യോഗസ്ഥനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റയുടേതാണ് ഉത്തരവ്. സംഭവത്തില്‍ കോട്ടയം എസ്പി അടക്കമുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകും.

കെവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പരാതി ലഭിച്ചിട്ടും നടപടിയെടുക്കുന്നതില്‍ വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കൊച്ചി റേഞ്ച് ഐജി സംഭവ സ്ഥലത്തേക്ക് എത്തുമെന്നാണ് വിവരം. ഐജിയുടെ റിപ്പോര്‍ട്ടനുസരിച്ചാകും ഉന്നതോദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിയുണ്ടാകുക.

കെവിന്റെ മരണം കോട്ടയം ഡിവൈഎസ്പിയാകും അന്വേഷിക്കുക. പോലീസിന്റെ വീഴ്ചയാണ് കെവിന്‍ മരണപ്പെടാന്‍ കാരണമെന്ന വിലയിരുത്തലിലാണ് പോലീസ്. അതിനാല്‍ വകുപ്പുതല നടപടികളും നിയമ നടപടികളും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാകും.

Advertisements

കെവിന്റെ ഭാര്യ നീനുവിനോട് വളരെ മോശമായ നിലയിലാണ് പോലീസ് പെരുമാറിയതെന്ന് ആരോപണമുണ്ട്. ‘ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകള്‍ കഴിഞ്ഞ് നോക്കാം’ എന്നാണ് എസ്.ഐ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. പരാതി ലഭിച്ചയുടന്‍ അന്വേഷിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ കെവിനെ ജീവനോടെ ലഭിക്കുമായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിക്ക് മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബാണ് ആദ്യം പോലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പരാതി പോലീസ് സ്വീകരിച്ചില്ല.

ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി 11 മണിക്ക് നീനുവും പോലീസ്സ്റ്റേഷനിലെത്തി. എന്നാല്‍ ആ പരാതിയും പോലീസ് ആദ്യം സ്വീകരിച്ചില്ല. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മാത്രമാണ് പോലീസ് കേസെടുത്തത്. കെവിനൊപ്പം മര്‍ദ്ദനത്തിനിരയായ ബന്ധു അനീഷിന്റെ മൊഴി അനുസരിച്ചാണ് കേസെടുത്തത്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ചയോടെ തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *